Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരഞ്ഞെടുപ്പിന്റെ പേരില്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നു : കാനം രാജേന്ദ്രന്‍
12/05/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ചെമ്പ് മുറിഞ്ഞപുഴയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കുടിവെള്ളമില്ലാതെ ജനം വലയുമ്പോള്‍ വെള്ളം നല്‍കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കില്ല എന്നുപറയുന്ന ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുറിഞ്ഞപുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് ശത്രുത പ്രഖ്യാപിക്കാതെ സര്‍വകക്ഷി യോഗം വിളിച്ച് ജനങ്ങളെ സഹായിക്കാനുള്ള വഴി തേടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സര്‍ക്കാരിന്റെ കയ്യില്‍ കാശില്ല എന്നുള്ളതാണ് സത്യമെന്നും പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിന്റെ കടബാദ്ധ്യത ഇരട്ടിയായി. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ പാവപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷനുകളൊന്നും നല്‍കിയിട്ടില്ല. പെന്‍ഷന്‍ ലഭിക്കുന്ന 34 ലക്ഷം പേരില്‍ 24 ലക്ഷവും വനിതകളാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ 1000 രൂപ വീതം എല്ലാ മാസവും പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുമെന്നും കാനം പറഞ്ഞു. ജനങ്ങള്‍ക്ക് ഏററവും മികച്ച സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാരാണ് എല്‍.ഡി.എഫ് ലക്ഷ്യം. ബി.ജെ.പി.യും ബി.ഡി.ജെ.എസും ചേര്‍ന്നാലും കാര്യമായ വോട്ടുകളൊന്നും ലഭിക്കില്ല. കെട്ടിവെച്ച പണം പോലും ഇവര്‍ക്ക് കിട്ടില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വൈക്കത്തും കേരളത്തിലെമ്പാടും ഉജ്ജ്വലവിജയം നേടുമെന്നും കാനം പറഞ്ഞു. ടി.എന്‍ സിബി അധ്യക്ഷത വഹിച്ചു. സി.കെ ശശിധരന്‍, ടി.എന്‍ രമേശന്‍, ആര്‍.സുശീലന്‍, കെ.അജിത്ത് എം.എല്‍.എ, കെ.കെ രമേശന്‍, സന്തോഷ് കാല, കെ.എസ് രത്‌നാകരന്‍, എം.കെ ശീമോന്‍ എന്നിവര്‍ പ്രസംഗിച്ചു.