Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഷ്ടപ്രതാപങ്ങളില്‍ കെ.വി കനാല്‍
11/05/2016

രാജഭരണത്തിന്റെ തിരുശേഷിപ്പുകള്‍ ഏറെയുണ്ട് ഈ ചരിത്രനഗരിയില്‍. അവയില്‍ പ്രധാനപ്പെട്ടതാണ് കോട്ടയം-വൈക്കം കനാല്‍. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ രാജാവ് 120 വര്‍ഷം മുന്‍പ് നിര്‍മിച്ചതാണ് കോട്ടയം-വൈക്കം കനാല്‍. രണ്ട് കിലോമീറററോളം നീളവും 30 മീറ്ററോളം വീതിയുമുള്ള കെ.വി കനാല്‍ വേമ്പനാട്ട് കായലില്‍ നിന്നാരംഭിച്ച് കരിയാല്‍ എത്തിച്ചേരുന്നു. കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കാനും, ചരക്കുകള്‍ കൊണ്ടുപോകുന്നതിനും വേണ്ടിയാണ് കനാല്‍ നിര്‍മിക്കപ്പെട്ടത്. കനാലിന്റെ ഇരുകരകളിലും നില്‍ക്കുന്ന നൂററാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ രാജവാഴ്ചയുടെ ബാക്കിവെയ്പ്പുകളാണ്. വൈക്കത്തുനിന്നും കല്ലറ, അതിരമ്പുഴ, കോട്ടയം ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെട്ടുവളങ്ങളില്‍ ചരക്കുകള്‍ കൊണ്ടുപോയിരുന്നത് പതിവുകാഴ്ചയായിരുന്നു പഴമക്കാര്‍ക്ക്. വൈക്കം-കോട്ടയം ബോട്ട് സര്‍വീസും ഏതാണ്ട് നാല് പതിററാണ്ടുമുമ്പ് നിലച്ചു. ചേര്‍ത്തല, പൂച്ചാക്കല്‍ ഭാഗത്തേക്കും ആയാംകുടി കല്ലറ ഭാഗങ്ങളിലേക്കും ചരക്കുകളുമായി കമ്പനി വള്ളങ്ങള്‍ കനാലിലൂടെ കടന്നുപോയിരുന്നു. കനാലില്‍ ഓരുവെള്ളം തടയാന്‍ ചീപ്പുകള്‍ നിര്‍മിച്ചിരുന്നു. നഗരത്തിലെ പ്രസിദ്ധമായിരുന്ന ശ്രീമൂലം മാര്‍ക്കററും കനാല്‍ സൈഡിലാണ്. ഗതകാല പ്രൗഡികള്‍ ഏറെയുണ്ടെങ്കിലും കനാല്‍ ഇന്ന് നാശോന്മുഖമാണ്. മരങ്ങള്‍ പലതും വീണുപോയി. ചെളിയടിഞ്ഞ് ആഴം കുറഞ്ഞു. ഇരുകരകളും പലയിടത്തും ഇടിഞ്ഞുവീണു. വേമ്പനാട്ടുകായലിനോട് ചേരുന്ന ഭാഗത്ത് പോലീസ് പിടിച്ചെടുത്ത വള്ളങ്ങള്‍ കൂട്ടിയിട്ട് നീരൊഴുക്കും തടസ്സപ്പെട്ട സ്ഥിതിയിലാണ്. തോട്ടുവക്കത്ത് പുതുതായി നിര്‍മിച്ച പാലത്തിനടിയിലൂടെ ബോട്ടുകള്‍ കടന്നുപോകാനും പ്രയാസമാണ്. ദേശീയ ജലപാതകളിലൊന്നായി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചതാണ് കനാലിന്റെ മോചനത്തിന് പ്രതീക്ഷ നല്‍കുന്നത്. ഇരുകരകളും മനോഹരമാക്കി ബെഞ്ചുകള്‍ സ്ഥാപിച്ച് മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടങ്ങള്‍ കെട്ടി വാട്ടര്‍ സ്‌ക്കൂട്ടറും, ശിക്കാര വള്ളങ്ങളും സൈക്കിള്‍ പാതകളും ഒരുക്കി തദ്ദേശീയ വിനോദസഞ്ചാര വികസനത്തിനുള്ള പദ്ധതികളുമായി നഗരസഭ നടത്തുന്ന ശ്രമങ്ങളും കെ.വി കനാലിന്റെ പുനരുദ്ധാരണത്തിന് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.