Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജയപ്രതീക്ഷയിലായിരുന്ന യു.ഡി.എഫിനെ നിരാശയിലാഴ്ത്തി തിരഞ്ഞെടുപ്പ് ഫലം
09/11/2015
വിജയപ്രതീക്ഷയിലായിരുന്ന യു.ഡി.എഫിനെ നിരാശയിലാഴ്ത്തുന്ന ഫലമാണ് ശനിയാഴ്ച വന്നത്. അല്‍പം ആശ്വാസമായത് നഗരസഭയും തലയോലപ്പറമ്പ്, ടി.വി പുരം പഞ്ചായത്തുകളുമാണ്. ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍, വെള്ളൂര്‍ പഞ്ചായത്തുകളില്‍ വലിയ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് അധികാരം പിടിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫിന് ഒപ്പം നിന്നിരുന്ന നഗരസഭയില്‍ ഇത്തവണ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. പത്ത് സീററുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ എല്‍.ഡി.എഫിന് 12 സീററുകള്‍ ലഭിച്ചു. രണ്ട് കോണ്‍ഗ്രസ് വിമതരും ജയം കണ്ടു. ബി.ജെ.പി നഗരസഭയുടെ ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറന്നു. 10, 12 വാര്‍ഡുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ 17 വാര്‍ഡുകളില്‍ 14ഉം എല്‍.ഡി.എഫ് പിടിച്ചു. കോണ്‍ഗ്രസിന് മൂന്ന് സീററാണ് ലഭിച്ചത്. സി.പി.എമ്മിന് ഒന്‍പതും സി.പി.ഐക്ക് അഞ്ചും സീററ് ലഭിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. വാശിയേറിയ പോരാട്ടം നടന്ന അഞ്ചാം വാര്‍ഡില്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.കെ ഗോപിയെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇ.കെ രാധാകൃഷ്ണന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് തോല്‍പിച്ചു. 15-ാം വാര്‍ഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.അനില്‍കുമാര്‍ മുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫിന് 11 സീററുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫ് രണ്ട് സീററിലൊതുങ്ങി. സി.പി.എം, സി.പി.ഐ ഓരോ സീററുകള്‍ വീതം നേടി. യു.ഡി.എഫില്‍ കോണ്‍ഗ്രസ് ആറ്, കേരള കോണ്‍ഗ്രസ് മൂന്ന്, മുസ്‌ലിം ലീഗ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മറവന്‍തുരുത്ത് പഞ്ചായത്തില്‍ യു.ഡി.എഫില്‍ നിന്ന് വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് ഭരണം പിടിച്ചു. പത്ത് സീററുകള്‍ എല്‍.ഡി.എഫിന് ലഭിച്ചു. സി.പി.എം എട്ട്, സി.പി.ഐ രണ്ട്. കോണ്‍ഗ്രസ് അഞ്ച് സീററില്‍ വിജയിച്ചു. വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലും ജനവിധി എല്‍.ഡി.എഫിനെ തുണച്ചു. യു.ഡി.എഫ് ഏഴ് സീററ് നേടിയപ്പോള്‍ എല്‍.ഡി.എഫ് ഒന്‍പത് സീററില്‍ വിജയിച്ചു. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് നാലും കേരള കോണ്‍ഗ്രസിന് മൂന്നും, എല്‍.ഡി.എഫില്‍ സി.പി.എമ്മിന് ഏഴും സി.പി.ഐക്ക് രണ്ടും സീററുലഭിച്ചു. ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ ഭൂരിപക്ഷം ആര്‍ക്കുമില്ല. യു.ഡി.എഫും എല്‍.ഡി.എഫും ആറ് സീററുവീതം പങ്കിട്ടു. കോണ്‍ഗ്രസ് അവസാനനിമിഷം സീററ് നിഷേധിച്ച എസ്.എന്‍.ഡി.പി പ്രവര്‍ത്തകന്‍ ടി. അനില്‍കുമാര്‍ സ്വതന്ത്രനായി മത്സരിച്ച് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. ബി.ജെ.പി നിലവിലുണ്ടായിരുന്ന ഒരു സീററ് നിലനിര്‍ത്തി. യു.ഡി.എഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മൂന്ന് സീററില്‍ വീതം വിജയിച്ചു. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് നാലും സി.പി.ഐക്ക് രണ്ടും സീററ് ലഭിച്ചു. സ്വതന്ത്രന്റെയും ബി.ജെ.പിയുടെയും നിലപാടുകള്‍ ഇവിടെ നിര്‍ണായകമാണ്. തലയാഴം ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിന്റെ തമ്മില്‍പോരില്‍ എല്‍.ഡി.എഫ് വന്‍നേട്ടം കൊയ്തു. 13 സീററില്‍ സി.പി.എം ഏഴ് സീററിലും സി.പി.ഐ ആറ് സീററിലും വിജയിച്ചപ്പോള്‍ രണ്ട് സീററില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. കേരള കോണ്‍ഗ്രസ് മത്സരിച്ച ഒരു വാര്‍ഡിലും വിജയം കണ്ടില്ല. വെച്ചൂര്‍ പഞ്ചായത്തിലും ജനവിധി എല്‍.ഡി.എഫിന് അനുകൂലമായി. എല്‍.ഡി.എഫ് ഒന്‍പത് സീററ് നേടിയപ്പോള്‍ യു.ഡി.എഫിന് നാല് സീററുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സി.പി.എം ഏഴ്, സി.പി.ഐ രണ്ട്, കോണ്‍ഗ്രസ് മൂന്ന്, കേരള കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് വെച്ചൂരിലെ കക്ഷിനില. ചെമ്പ് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. യു.ഡി.എഫ് നാല് സീററിലൊതുങ്ങി. ഒരു വാര്‍ഡില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ത്ഥി വിജയിച്ചു. സി.പി.എം ഏഴ്, സി.പി.ഐ മൂന്ന് എന്നിങ്ങനെയാണ് എല്‍.ഡി.എഫിലെ കക്ഷിനില.