Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
25/04/2024

എന്‍ അനില്‍ ബിശ്വാസ് 

തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിലേക്ക് പ്രചാരണങ്ങള്‍ അവസാനിക്കുമ്പോള്‍ നാടിനെയാകെ ആവേശത്തിലാറാടിച്ച തെരഞ്ഞെടുപ്പ് കാലങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കുകയാണ് വൈക്കം ഭാസി. എണ്‍പതുകളുടെ അവസാനം മുതല്‍ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഒഴിവാക്കാനാവാത്ത പ്രചാരണ ആയുധമായിരുന്നു ഭാസി ആശാന്റെ നേതൃത്വത്തിലുള്ള ഗായകസംഘവും തെരുവ് നാടകവും. തലയാഴം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഭാസി ആശാന്‍ അതത് സമയത്തെ സ്ഥാനാര്‍ഥികളെക്കുറിച്ച് എഴുതിയ പാട്ടുകളും ഇടതുപക്ഷ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ നാടന്‍ ശീലുകളും കോര്‍ത്തിണക്കിയാണ് ഗായകസംഘം പ്രചാരണത്തിന് ഇറങ്ങിയിരുന്നത്. അലങ്കരിച്ച വാഹനങ്ങളില്‍ യുവകലാകാരന്‍മാര്‍ നാടിന്റെ മുക്കുംമൂലയും കയറിയിറങ്ങും. പിന്നീട് പ്രചാരണം കെട്ടുവള്ളങ്ങളിലേക്ക് മാറും. കരിയാറിലൂടെ തലയാഴം, വെച്ചൂര്‍, കല്ലറ, ടി.വി പുരം പഞ്ചായത്തുകളിലൂടെയുള്ള യാത്ര രാവിലെ ആരംഭിച്ചാല്‍ തിരിച്ചെത്തുമ്പോള്‍ രാവേറെയാകും. ഭക്ഷണം തയ്യാറാക്കുന്നതും വള്ളത്തിനുള്ളില്‍ തന്നെ. ഓരോ പ്രദേശങ്ങളിലും എത്തുമ്പോള്‍ അവിടുത്തെ സഖാക്കള്‍ കരിക്കും പഴവുമൊക്കെ നല്‍കി സ്വീകരിക്കും. തെരുവ് നാടകങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത് അന്തരിച്ച നാടക കലാകാരന്‍ അലക്‌സ് കലാനിലയമാണ്. പാട്ടുകള്‍ എഴുതുന്നതും സംഗീതം നിര്‍വഹിക്കുന്നതും ഭാസി ആശാന്‍ തന്നെയായിരുന്നു. മണ്ണിന്റെയും മനുഷ്യന്റെയും അധ്വാനത്തിന്റെയും ഗന്ധമുള്ള പാട്ടുകള്‍. യുവകലാസാഹിതി ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൊണ്ണൂറില്‍ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ സമാപന റാലിയില്‍, കോരിച്ചൊരിയുന്ന മഴയില്‍ ആശാന്റെ നേതൃത്വത്തിലുള്ള ഗായകസംഘം സ്വയംമറന്ന് പാടുമ്പോഴാണ് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബാബു ചാഴികാടന്‍ മിന്നലേറ്റ് മരിച്ച വാര്‍ത്ത അറിയുന്നത്. തെരുവ് നാടകം സി.കെ വിശ്വനാഥന്‍ അവതരണ സ്ഥലത്ത് വന്നിരുന്ന് കണ്ടതും ആശാന്റെ ഓര്‍മയിലുണ്ട്. അക്കാലങ്ങളില്‍ രാവേറെ ചെന്നാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ കാത്തുനില്‍ക്കും ജനങ്ങള്‍. ''ലാല്‍സലാം ലാല്‍സലാം ലാല്‍സലാം സഖാക്കളെ... തകര്‍ന്നിടട്ടെ ചില്ലുമേട വെണ്‍കൂടീരമൊക്കെയും... തകര്‍ന്നിടട്ടെ ചൂഷകര്‍തന്‍ ചീഞ്ഞളിഞ്ഞ സംഹിത...'' എന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന പ്രായമായ അമ്മമാരുടെ ചിത്രം ഭാസി ആശാന്റെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. അന്നത്തെ തെരഞ്ഞെടുപ്പിന്റെ ആവേശം ഇക്കാലത്ത് ഒട്ടുമില്ലെന്നാണ് ആശാന്റെ പക്ഷം. ഭാസി ആശാനും ജോണ്‍ ടി വേക്കനും ചേര്‍ന്ന് എഴുതിയ 'പോളിയോ' എന്ന നാടകം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിരുന്നു. ഏറെക്കാലം 'വൈക്കം മെയില്‍' മാസികയുടെ പത്രാധിപരായും സേവനം അനുഷ്ഠിച്ചു. ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി തുടരുന്ന വൈക്കം ഭാസി, പ്രായം എഴുപതുകളില്‍ ആണെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മകന്‍ സാമോനും കുടുംബത്തിനും ഒപ്പം വിശ്രമജീവിതത്തിലാണ്. മകള്‍ സീമോള്‍ ഗവേഷകയാണ്. അങ്കണവാടി ജീവനക്കാരിയായിരുന്ന ഭാര്യ സരസമ്മ നേരത്തെ വേര്‍പിരിഞ്ഞു.