വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
25/04/2024
വെച്ചൂരിലെ വിവിധ ഹൈസ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി വെച്ചൂര്‍ സേവ നടത്തിയ ജീവിത നൈപുണ്യ വികസന ക്ലാസ് ജസ്റ്റിസ് ബി.കമാല്‍ പാഷ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വെച്ചൂര്‍ പഞ്ചായത്തിലെ മൂന്ന് ഹൈസ്കൂളുകളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 66 വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ പ്രമുഖന് എ.കെ നായര്‍ സ്വന്തം നാടിന്റെ വികസനത്തെ ലക്ഷ്യമാക്കി ആവിഷ്കരിച്ച വെച്ചൂര്‍ സേവയുടെ നേതൃത്വത്തില്‍ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു.
വിദ്യാര്‍ഥികള്‍ക്ക് മികച്ച രീതിയിലുള്ള അറിവ് പകര്‍ന്ന് ഉന്നത വിദ്യാഭ്യാസം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ ഫണ്ട് എ.കെ നായര്‍ നല്‍കും. കുടവെച്ചൂര്‍ ദേവിവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ജീവിത നൈപുണ്യ വികസന ക്ലാസ് ജസ്റ്റിസ് ബി കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധര്‍ അധ്യക്ഷത വഹിച്ചു. എസ്.ഇ.ഡബ്ല്യു.എ രക്ഷാധികാരി എ.കെ നായര്‍, ലാന്‍ഡ് ഡവലപ്മെന്റ് അസി. കമ്മീഷണര്‍ രമേശ്, എ.ബി.സി ചാനല്‍ എം.ഡി സുനില്‍, സാഹിത്യകാരി സുവിജ, സിനിമാതാരം തണ്ണീര്‍മുക്കം ജയന്, എസ്.ഇ.ഡബ്ല്യു.എ പ്രസിഡന്റ് പി.എന്‍ ശിവന്‍കുട്ടി, സെക്രട്ടറി കോയ യൂസഫ്, വാസുദേവ കൈമള്‍, ജോയിന്റ് സെക്രട്ടറി ഗോപിനാഥന് എന്നിവര്‍ പ്രസംഗിച്ചു.