Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടക്കുന്നത് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി
06/04/2024
എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം തലയോലപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയുടെ തെരഞ്ഞെടുപ്പാണ് പതിനെട്ടാം ലോക്‌സഭയിലേക്ക് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം തലയോലപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതകളും പാര്‍ലമെന്ററി വ്യവസ്ഥയെയും ഓരോന്നോരോന്നായി തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ശക്തികള്‍. ഭാരതത്തിന്റെ ഏറ്റവും മുഖ്യമായ ഒന്നാണ് മതനിരപേക്ഷത. രാജ്യത്തിന്റെ മുഖമുദ്രയാണത്. പെട്ടെന്ന് അംഗീകരിക്കപ്പെട്ട ഒന്നല്ല അത്. ഭരണഘടനാ നിര്‍മാണവേളയില്‍ വലിയ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ഒടുവിലാണ് നമ്മുടെ രാജ്യത്തെ മതനിരപേക്ഷ രാഷ്ട്രമായി അംഗീകരിച്ചത്. ആര്‍എസ്എസ് അന്നും ഭരണഘടനയെ തള്ളിപ്പറിഞ്ഞു. മനുസ്മൃതിയുടെ നിയമങ്ങളാണ് ഹിന്ദുത്വവാദികളുടെ നിയമം. അതാണ് രാജ്യത്തിന്റെ ഭരണഘടന എന്നാണ് ആര്‍എസ്എസ് പക്ഷം. പൗരത്വം മതാടിസ്ഥാനത്തിലാക്കുന്നു. ലോകത്ത് ഒരു പരിഷ്‌കൃത രാഷ്ട്രവും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ല. നമ്മള്‍ ഇതിനെ സുപ്രീം കോടതിയില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഘ്പരിവാര്‍ മനസ്സിനോട് ഒട്ടിനില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അരവിന്ദ് കേജ്‌രിവാള്‍. കേരളത്തെ ഒരടി മുന്നോട്ടുനീങ്ങാന്‍ കേന്ദ്ര ഭരണം അനുവദിക്കുന്നില്ല. ബിജെപിയുടെ സ്വീകാര്യതയില്ലായ്മയാണ് ഈ പകപോക്കലിന് കാരണം. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ നവോത്ഥാന കേരളം ഒരുകാലത്തും അംഗീകരിക്കില്ല. രാഷ്ട്രം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ ഒരു കൈ ബിജെപിയുടെയും മറ്റൊരു കൈ എസ്ഡിപിഐയുടെയും തോളിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടിന്റെ എല്ലാ നന്മകളെയും ഊതിക്കെടുത്താന്‍ ശ്രമിക്കുന്ന, ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന രണ്ടുഭാഗത്തെയും തീവ്രവാദികളുമായി കോണ്‍ഗ്രസ് ചങ്ങാത്തം സ്ഥാപിച്ചിരിക്കുകയാണ്. ആ കോണ്‍ഗ്രസ് ചങ്ങാത്തത്തിന്റെ പേരാണ് യുഡിഎഫ്. എന്‍ഡിഎയും യുഡിഎഫും ഒന്നാണ്. അന്ധമായ ഇടതുപക്ഷ വിരോധമാണ് ഇരുവര്‍ക്കും. ഇന്നത്തെ കോണ്‍ഗ്രസ് ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ ബന്ധുക്കളുടെ കോണ്‍ഗ്രസ് ആണ്. ഈ നാടിന് മതേതരത്വവും ജനാധിപത്യവുമാണ് വേണ്ടത്. അതിന് ഇടതുപക്ഷം വിജയിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.  
തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപം നടന്ന യോഗത്തില്‍ എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍ വാസവന്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, സിപിഎം ജില്ലാ സെക്രട്ടറി എ.വി റസല്‍, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, സി.കെ ആശ എംഎല്‍എ, ടി.എന്‍ രമേശന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ലതിക സുഭാഷ്, എം.ഡി ബാബുരാജ്, സാബു പി മണലൊടി, കെ അരുണന്‍, കെ ശെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു.