Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എതിരേല്‍പ് താലപ്പൊലികള്‍ക്ക് തിടമ്പേറ്റാന്‍ വേതാളീ വാഹനം ഒരുങ്ങുന്നു
01/04/2024
മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്കുള്ള താലപ്പൊലികള്‍ക്ക് തിടമ്പ് എഴുന്നള്ളിക്കാന്‍ പണിയുന്ന വേതാളി വാഹനത്തിന്റെ നിര്‍മാണ പുരോഗതി എന്‍എസ്എസ് കരയോഗം ഭാരവാഹികള്‍ വിലയിരുത്തുന്നു
 
വൈക്കം: മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിലേക്ക് ടി.വി പുരം മേഖലാ സംയുക്ത എന്‍എസ്എസ് കരയോഗം നടത്തുന്ന എതിരേല്‍പ് താലപ്പൊലിക്ക് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിക്കാന്‍ വേതാളീ വാഹനം നിര്‍മിക്കുന്നു. എതിരേല്‍പ് താലപ്പൊലിക്ക് ആനപ്പുറത്ത് ദേവീ വിഗ്രഹം എഴുന്നള്ളിക്കുന്നതിന് പകരമാണ് തന്ത്രിയുടെ അനുവാദപ്രകാരം വേതാളി വാഹനം നിര്‍മിക്കുന്നത്. ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പുകള്‍ക്ക് ഉണ്ടാകുന്ന ഭാരിച്ച ചിലവും മറ്റ് സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുകയാണ് ലക്ഷ്യം. വരിക്ക പ്ലാവിന്റെ കാതലായ ഒറ്റത്തടിയിലാണ് വേതാളി രൂപം ചിത്രചാതുരിയോടെ നിര്‍മിക്കുന്നത്. പ്രശസ്ത ദാരു ശില്പി വൈക്കപ്രയാര്‍ മണിക്കുട്ടനാണ് വേതാളി വാഹനം തയ്യാറാക്കുന്നത്. ഇതിന്റെ മിനുക്കുപണികള്‍ മാത്രമാണ് ശേഷിക്കുന്നത്. ഏപ്രില്‍ അഞ്ചിന് വാഹനം ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. സംയുക്ത കരയോഗത്തിന്റെ ഇനിയുള്ള എല്ലാ എതിരേല്‍പുകള്‍ക്കും താലപ്പൊലികള്‍ക്കും ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിക്കാന്‍ വേതാളി വാഹനമാണ് ഉപയോഗിക്കുക. ഇതിന്റെ നിര്‍മാണ പുരോഗതി ശില്‍പിയുടെ പണിപ്പുരയിലെത്തി സംയുക്ത കരയോഗം ഭാരവാഹികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. വാഹനത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് മേഖല ചെയര്‍മാന്‍ പി രാജശേഖരന്‍, സെക്രട്ടറി കെ കൃഷ്ണകുമാര്‍, ട്രഷറര്‍ ഗോപിനാഥന്‍ നായര്‍, കരയോഗം പ്രസിഡന്റുമാരായ സതീശന്‍ നായര്‍, ജയചന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, അശോക് കുമാര്‍, പാലാ ശ്രീകുമാര്‍, രാകേഷ് ടി നായര്‍, മറ്റ് കരയോഗ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.