Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീ സുരക്ഷയ്ക്ക് കരുത്തേകാന്‍ രാത്രി നടത്തം നടത്തി പെണ്‍കൂട്ടായ്മ
18/03/2024
സ്ത്രീ സുരക്ഷയെ ലക്ഷ്യമാക്കി വൈക്കത്തെ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ രാത്രി നടത്തം വലിയകവലയിൽ വനിതാ ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: അവകാശത്തിന്റേയും സ്വാതന്ത്രത്തിന്റേയും ഊര്‍ജം ഏറ്റുവാങ്ങി രാത്രി സമയങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായും വഴിനടന്ന്‌ വൈക്കത്ത് പെണ്‍കൂട്ടായ്മ. സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടേയും വൈക്കം സഹൃദ വേദിയുടേയും നേതൃത്വത്തിലാണ് സ്ത്രീ സുരക്ഷയ്ക്കായി വനിതാ കൂട്ടായ്മ രൂപം കൊണ്ടത്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായാണ് വൈക്കം നഗരത്തിന്റെ 26 വാര്‍ഡുകളില്‍പെട്ട വനിതകള്‍ സ്വന്തം സംരക്ഷണത്തിനായി വനിതാ കൂട്ടായ്മയില്‍ പങ്കാളികളായത്. ശനിയാഴ്ച രാത്രി 10.30ന് വനിതാകൂട്ടായ്മയുടെ രാത്രി നടത്തം തുടങ്ങി.
വനിതാ ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റും മുന്‍ നഗരസഭ ചെയര്‍പേഴ്‌സണുമായ രേണുക രതീഷ് രാത്രി നടത്തം ഉദ്ഘാടനം ചെയ്തു. വലിയകവലയില്‍ നിന്നും പുറപ്പെട്ട രാത്രി നടത്തത്തില്‍ നൂറിലധികം സ്ത്രീകള്‍ പങ്കാളികളായി. ആടിയും പാടിയും കഥ പറഞ്ഞും വനിതകള്‍ കൂട്ടം കൂടി നഗരം ചുറ്റി. വനിതകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അനീതികളെ അതിജീവിക്കുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കി ആത്മവിശ്വാസം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രസിഡന്റ് രേണുക രതീഷ്, വിവിധ വനിതാ സംഘടനാ ഭാരവാഹികളായ കനക ജയകുമാര്‍, ഉഷാ ജനാര്‍ദനന്‍, ഷീബാ പ്രകാശം, സുഷമാ സുരേന്ദ്രന്‍, ഷിമീഷ ബീവി, സുനിതാ സന്തോഷ്, ഗിരിജാ ജോജി, സ്മിതാ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.