പത്താമുദയ ഉത്സവം: താലി എഴുന്നള്ളിപ്പ് പുറപ്പെട്ടു
16/03/2024
വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് മുന്നോടിയായുള്ള ഊരുവലം താലി എഴുന്നള്ളിപ്പിന് ക്ഷേത്രം മേല്‍ശാന്തി എം.എസ് സുനിൽ വെളിച്ചപ്പാട് രാജേഷ് നടുച്ചിറയ്ക്ക് താലവും വാളും കൈമാറുന്നു.
വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് മുന്നോടിയായുള്ള ഊരുവലം താലി എഴുന്നള്ളിപ്പ് കാലാക്കല്‍ വലിയച്ചന് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ടു. വൈക്കം ക്ഷേത്രത്തിന്റെ ദേശാതിര്ത്തിയില്പെട്ട മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിക്കുന്നതാണ് താലി എഴുന്നള്ളിപ്പിന്റെ പ്രത്യേകത. വൈക്കം ദേശത്തിന്റെ ഒട്ടേറെ മേഖലകള്‍ കേന്ദ്രീകരിക്കുന്ന താലി എഴുന്നള്ളിപ്പ് ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്നതാണ്.കാലാക്കല്‍ ക്ഷേത്രത്തില്‍ പാലഭിഷേകം, നെയ്യ് അഭിഷേകം, കരിക്ക് അഭിഷേകം എന്നിവ നടത്തി. മേല്‍ശാന്തി എം.എസ് സുനില്‍, വെളിച്ചപ്പാട് രാജേഷ് നടുച്ചിറയ്ക്ക് എഴുന്നള്ളിക്കാനുള്ള ദേവചൈതന്യം ആവാഹിച്ച താലം കൈമാറി.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താലി എഴുന്നള്ളിപ്പ് ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചശേഷം പുറപ്പെട്ടു. ഏപ്രില്‍ 21 മുതല്‍ 25 വരെയാണ് കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം. ചടങ്ങില്‍ വൈക്കം ക്ഷേത്രം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു, ഉപദേശക സമിതി പ്രസിഡന്റ് കെ.എസ് അജിമോന്, സെക്രട്ടറി ശ്രീരാജ് ജി.നായര്‍, വൈസ് പ്രസിഡന്റ് കെ.കെ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.