Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാത്തിരിപ്പിന് വിരാമം: നേരേകടവ്-മാക്കേകടവ് പാലം നിര്‍മാണം പുനരാരംഭിച്ചു
15/03/2024
നേരേകടവ്-മാക്കേകടവ് പാലം നിര്‍മാണം പുനരാരംഭിച്ചതിന്റെ സ്വിച്ച് ഓണ്‍ കര്‍മം എ.എം ആരിഫ് എംപി നിര്‍വഹിക്കുന്നു.

വൈക്കം: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് നേരേകടവ്-മാക്കേകടവ് പാലം നിര്‍മാണം പുനരാരംഭിച്ചു. പുനരാരംഭിച്ച നിര്‍മാണത്തിന്റെ സ്വിച്ച് ഓണ്‍ എ.എം ആരിഫ് എംപി നിര്‍വഹിച്ചു. എംഎല്‍എമാരായ സി.കെ ആശ, ദലീമ ജോജോ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ രജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷിബു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിര്‍മാണം തുടങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തന്നെ മാക്കേകടവിലേക്കു കൂടുതല്‍ യന്ത്രസാമഗ്രികളും തൊഴിലാളികളും എത്തിയിരുന്നു. മാക്കേകടവില്‍ നാല് പൈല്‍ പോയിന്റുകള്‍ ഉള്‍പ്പെടെ അളന്നു കുറ്റിയടിച്ചു. ആദ്യ പൈല്‍ സ്ഥാപിക്കുന്നതിന്റെ ബോറിങ് തുടങ്ങി. ഇതോടൊപ്പം ബീമുകളുടെ നിര്‍മാണ ഒരുക്കങ്ങളും ബീമുകള്‍ എത്തിക്കുന്ന ഉപകരണങ്ങളും നിര്‍മാണ സൈറ്റില്‍ ക്രമീകരിക്കലും ആരംഭിച്ചു.
2008ല്‍ സംസ്ഥാന സര്‍ക്കാര്‍ 76 കോടി രൂപ അനുവദിച്ച് ആരംഭിച്ച പാലത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയിലെത്തിയതോടെ നിലച്ചു. സ്ഥലമുടമകള്‍ക്ക് തുക നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ കരാര്‍ കാലാവധി കഴിഞ്ഞു. തുടര്‍ന്ന് 2016ലാണ് പാലം നിര്‍മാണത്തിന് ജീവന്‍ വെച്ചത്. ഒന്നര വര്‍ഷത്തോളം അതിവേഗത്തില്‍ നീങ്ങിയ പാലം നിര്‍മാണം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടതിയും കേസുമായി പിന്നീട് നിലക്കുകയായിരുന്നു. 2021 ഡിസംബറില്‍ നിര്‍മാണം വിലക്കിയ ഉത്തരവുകള്‍ ഹൈക്കോടതി നീക്കി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടപ്പോള്‍ പാലം നിര്‍മാണം പുനരാരംഭിക്കണമെങ്കില്‍ എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്യേണ്ട സാഹചര്യമുണ്ടായി. ഇതുപ്രകാരമുള്ള ആകെ 42 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പാലത്തിന്റെ മുടങ്ങിക്കിടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
വേമ്പനാട്ട് കായലിനു കുറുകെ 800 മീറ്ററോളം നീളത്തില്‍ നിര്‍മിക്കുന്ന നേരേകടവ്-മാക്കേകടവ് പാലത്തിന് ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയാണുള്ളത്. 22 സ്പാനുള്ള പാലത്തിന്റെ മധ്യഭാഗത്തായി 47.16 മീറ്റര്‍ നീളത്തില്‍ നാവിഗേഷന്‍ സ്പാനും 35.76 മീറ്റര്‍ നീളമുള്ള നാല് സ്പാനുകളും 35.09 മീറ്റര്‍ നീളമുള്ള 16 സ്പാനുകളുമുണ്ട്. അതില്‍ മധ്യഭാഗത്തെ 47 മീറ്റര്‍ നീളത്തിലുള്ള രണ്ടു സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. യായി 2011-2012 വര്‍ഷത്തെ ബജറ്റിലാണ് 151 കോടി രൂപ പ്രഖ്യാപിച്ചത്. തുറവൂരില്‍ നിന്നും ആരംഭിച്ച് തൈക്കാട്ടുശേരി. മാക്കേകടവ്, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊന്‍കുന്നം, എരുമേലി വഴി പമ്പയില്‍ എത്തിച്ചേരുന്ന തുറവൂര്‍-പമ്പ സംസ്ഥാന പാതയിലെ രണ്ടാമത്തെ പാലമാണ് നേരേകടവ്-മാക്കേകടവ് പാലം. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തിലുള്ള തുറവൂര്‍ പാലം നിര്‍മാണം 2015ല്‍ പൂര്‍ത്തിയാക്കിയിരുന്നു. നേരേകടവ്-മാക്കേകടവ് പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ വൈക്കത്തും നിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. ശബരിമല ഇടത്താവളമായ തുറവൂരില്‍ നിന്നും വൈക്കം വഴി തീര്‍ത്ഥാടകര്‍ക്ക് പമ്പയിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും.