Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാനത്ത് പശ്ചാത്തല മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം: മന്ത്രി മുഹമ്മദ് റിയാസ്
14/03/2024
ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നാട മുറിക്കല്‍ സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് പണം ചെലവഴിച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 45 മീറ്റര്‍ ആറുവരി 2025 അവസാനത്തോട് കൂടി പൂര്‍ത്തീകരിക്കും. കഴിഞ്ഞ ഏഴര വര്‍ഷ കാലയളവിനുള്ളില്‍ കേരളത്തിലെ പശ്ചാത്തല മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് നടന്നിരിക്കുന്നത്. ദേശീയ പാതകളും സംസ്ഥാന പാതകളും ഗ്രാമീണ പാതകളും നവീകരിക്കപ്പെടുകയാണ്. 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയും ഒന്‍പത് ജില്ലകളിലൂടെ കടന്ന് പോകുന്ന തീരദേശ ഹൈവേയും യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ ശീമോന്‍, ജെസില നവാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, അംഗങ്ങളായ ആശ ബാബു, ലത അനില്‍കുമാര്‍, കെ.വി പ്രകാശന്‍, രമണി മോഹന്‍ദാസ്, റജി മേച്ചേരി, രാഗിണി ഗോപി, ഉഷ പ്രസാദ്, ലയ ചന്ദ്രന്‍, രഞ്ജിനി ബാബു, വി.എ ശശി, പിഡബ്ല്യുഡി എക്‌സി. എഞ്ചിനീയര്‍ എം.ടി ഷാബു, സാബു പി.മണലൊടി, ടി.എന്‍ സിബി, എം.കെ ഷിബു എന്നിവര്‍ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പ് 8.60 കോടി രൂപ ചെലവഴിച്ച് 114.40 മീറ്റര്‍ നീളത്തിലും 6.50 വീതിയിലുമായി ഏഴ് സ്പാനുകളോടും കൂടിയാണ് കാട്ടിക്കുന്ന് തുരുത്ത് പാലം നിര്‍മിച്ചത്. പാലത്തിന് ഇരുവശങ്ങളിലുമായി ബിഎം ആന്റ് ബിസി നിലവാരത്തില്‍ അപ്രോച്ച് റോഡും നിര്‍മിച്ചു. കൊച്ചി ആസ്ഥാനമായുള്ള ശ്യാമ ഡൈനാമിക്‌സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല.