Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തിലേക്ക് സിപിഐ പ്രതിഷേധമാര്‍ച്ച് നടത്തി
04/03/2024
തലയാഴം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ സിപിഐ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ സിപിഐ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് തലയാഴത്തെ ജനങ്ങള്‍ക്ക് അപമാനമായ പഞ്ചായത്ത് ഭരണസമിതിയെ പൊതുജനം പരസ്യവിചാരണ നടത്തുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ലഭ്യമായ ഫണ്ട് പോലും സമയബന്ധിതമായി വിനിയോഗിക്കാതെ സാധാരണക്കാര്‍ക്ക് പ്രയോജനകരമായ പദ്ധതികളുടെ നടത്തിപ്പില്‍ കുറ്റകരമായ വീഴ്ചയാണ് പഞ്ചായത്ത് ഭരണസമിതി വരുത്തുന്നത്. 2021-22ല്‍ ഒന്‍പത് കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതില്‍ 4.57 കോടി രൂപ ചെലവഴിച്ച്, 50 ശതമാനം മാത്രം പദ്ധതി ചെലവ് വരുത്തിയ പഞ്ചായത്ത് 2022-23ല്‍ ഒന്‍പത് കോടി പദ്ധതി അടങ്കലില്‍ 4.80 കോടി മാത്രം ചെലവഴിച്ചു 53 ശതമാനത്തില്‍ പദ്ധതി നിര്‍വഹണം ഒതുങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പഞ്ചായത്തില്‍ നടക്കേണ്ട ഒന്‍പത് കോടി രൂപയുടെ പ്രവര്‍ത്തനമാണ് ഇതിലൂടെ തടസ്സപ്പെട്ടത്. ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി അടങ്കല്‍ 11 കോടിയാണെങ്കിലും സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴും 3.17 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. പട്ടിക വിഭാഗങ്ങളുടെ പദ്ധതികള്‍, വനിതകളുടെയും അംഗപരിമിതരുടെയും, തൊഴിലുറപ്പ് തൊഴിലാളികളുടെയും ക്ഷേമ പദ്ധതികള്‍ എന്നിവയിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നും എം.ഡി ബാബുരാജ് കൂട്ടിച്ചേര്‍ത്തു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.സി ജോസഫ്, പി സുഗതന്‍, പി.എസ് പുഷ്‌കരന്‍, ലോക്കല്‍ സെക്രട്ടറിമാരായ പി.ആര്‍ രജനി, കെ.എ കാസ്‌ട്രോ, മഹിളാ സംഘം മണ്ഡലം സെക്രട്ടറി മായാ ഷാജി, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.വി സോണിഷ്, എം.എസ് ധന്യ, സി.കെ പ്രശോഭനന്‍, കെ.സി ഗോപാലകൃഷ്ണന്‍, പി.ആര്‍ ശശി, വി.എന്‍ ഹരിയപ്പന്‍, വി വിജേഷ് എന്നിവര്‍ പ്രസംഗിച്ചു.