Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കുംഭാഷ്ടമി ആഘോഷിച്ചു
04/03/2024
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കുംഭാഷ്ടമി നാളില്‍ നടന്ന പ്രഭാത ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: ഭക്തിയുടെ നിറവില്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കുംഭാഷ്ടമി ആഘോഷിച്ചു. അഷ്ടമി ദര്‍ശനം നടത്തി സായൂജ്യം നേടാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. പ്രഭാത ശ്രീബലിയും തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഏകാദശ രുദ്ര ഘൃതകലശവും പ്രാതലും നടന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിനുശേഷം ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ചു. ആറിന് വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒന്നിച്ച് വൈക്കം ക്ഷേത്രത്തിന് കിഴക്കു ഭാഗത്തുള്ള വാഴമന, കൂര്‍ക്കശ്ശേരി, കള്ളാട്ടുശ്ശേരി എന്നിവിടങ്ങളിലേക്ക് യാത്രയായി. ഭക്തര്‍ നിറപറയും നിലവിളക്കും ഒരുക്കി എഴുന്നളളിപ്പിനെ വരവേറ്റു. അടിമ വഴിപാട് നടത്താനും ധാരളം ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.
പഴയ കാലത്ത്  ഈ ഭാഗങ്ങളിലെ ഭൂമി വൈക്കത്തപ്പന്റെതായിരുന്നു എന്നും വര്‍ഷത്തിലൊരിക്കല്‍ ഈ ഭൂമിയും ഇവിടുത്തെ വിളവെടുപ്പും കാണുന്നതിനായി വൈക്കത്തപ്പന്‍ പുത്രനുമായി എഴുന്നള്ളുന്നതായും വിശ്വാസമുണ്ട്. പാട്ടം പിരിക്കുന്നതിനും ഭക്തരുടെ ക്ഷേമം അറിയുന്നതിനുമായുള്ള വരവാണന്നും പറയുന്നു. ആചാരപ്രകാരം വാഴമന, കൂര്‍ക്കശ്ശേരി,  കള്ളാട്ടുശ്ശേരി എന്നിവിടങ്ങളില്‍ ഇറക്കിയെഴുന്നള്ളിപ്പും നിവേദ്യവും നടത്തി. തിരിച്ചെഴുന്നള്ളിപ്പിന് വിവിധ ഭാഗങ്ങളില്‍ ആര്‍ഭാടമായ വരവേല്‍പാണ് നല്‍കിയത്.
ആറാട്ടുകുളങ്ങര മുതല്‍ സ്വര്‍ണക്കുടയും ആലവട്ട വെഞ്ചാമരം  ഉപയോഗിച്ചു.  ക്ഷേത്രത്തില്‍ എത്തിയതോടെ  അഷ്ടമി വിളക്കും വലിയ കാണിക്കയും നടന്നു. ഒരു പ്രദക്ഷിണത്തിനുശേഷം ഉദയനാപുരത്തപ്പന്‍ വൈക്കത്തപ്പനോട് യാത്ര ചോദിച്ചു മടങ്ങിയതോടെ കുംഭാഷ്ടമിക്ക് തിരശീല വീണു.. വിട പറയല്‍ സമയത്ത് വൈക്കം ഷാജിയും വൈക്കം സുമോദും നാദസ്വരത്തില്‍ ദുഃഖം ദുഃഖ കണ്ഠാരം  ആലപിച്ചു. അഷ്ടമി ദിവസം 21 പറ അരിയുടെ പ്രാതലും വിവിധ കലാപരിപാടികളും നടന്നു.