Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂന്നുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് നൂറ് പാലങ്ങള്‍ നിര്‍മിച്ചു: മന്ത്രി മുഹമ്മദ് റിയാസ്
01/03/2024
ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴയാറിന് കുറുകെ പണിയുന്ന മൂലേക്കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കുന്നു.
 
തലയോലപ്പറമ്പ്: സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കര്‍ വന്നശേഷം പാലം നിര്‍മാണ മേഖലയില്‍ വലിയ നേട്ടമാണ് കൈവരിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴയാറിന് കുറുകെയുള്ള മൂലേക്കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ മേഖലയില്‍ പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചു. ഇതുവഴി  കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് പൊതുമരാമത്ത് വകുപ്പ് നൂറ് പാലങ്ങള്‍ പണികഴിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏനാദി മൂലേക്കടവിന് സമീപം നടന്ന ചടങ്ങില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി പ്രീതി, സുകന്യ സുകുമാരന്‍, വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, അംഗങ്ങളായ ആശാ ബാബു, ലതാ അനില്‍ കുമാര്‍, സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ ശീമോന്‍, രേഷ്മ പ്രവീണ്‍, അസി. എക്‌സി. എഞ്ചിനീയര്‍ ജോഷിന്‍ കെ മൂലക്കാട്ട്, സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലോടി, സണ്ണി ഞാറോത്ത്, ഗിരീഷ് തെക്കേച്ചിറ, ബെപ്പിച്ചന്‍ തുരുത്തിയില്‍, എസ്.ഡി സുരേഷ് ബാബു, പാലം നിര്‍മാണ കമ്മറ്റി കണ്‍വീനര്‍ കെ.പി പ്രിയേഷ് എന്നിവര്‍ പങ്കെടുത്തു.  
പാലത്തിന്റെ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ 20.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴയാറിന് കുറുകെ 210 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും ഏഴ് സ്പാനുകളോടും കൂടിയാണ് പാലത്തിന്റെ നിര്‍മാണം. കെ.ടി മാത്യു ആന്റ് കമ്പനി ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനമാണ് പാലത്തിന്റെ നിര്‍മാണകരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബ്രഹ്‌മമംഗലം, ഏനാദി നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് അറുതിയാകും.