Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ്-മാക്കേകടവ് പാലം നിര്‍മാണം: 42 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
29/02/2024
നേരേകടവ്-മാക്കേകടവ് പാലത്തിനായി വേമ്പനാട്ട് കായലില്‍ നിര്‍മിച്ച തൂണുകള്‍.

വൈക്കം: നാടിന്റെ ചിരകാല സ്വപ്നമായ നേരേകടവ്-മാക്കേകടവ് പാലം പൂര്‍ത്തിയാക്കുന്നതിനായി 42 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കലിനും ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്‍പ്പെടെയാണ് പണം അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ഒന്നര വര്‍ഷം മുന്‍പാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച നിര്‍ദേശം ധനവകുപ്പിന് നല്‍കിയത്. 2016ന് മുമ്പ് നിലനിന്നിരുന്ന ഡിസൈന്‍ഡ് ടെണ്ടര്‍ സംവിധാനമാണ് നേരേകടവ് പാലം പണിയുമായി ബന്ധപ്പട്ട് ഉണ്ടായിരുന്നത്. ഈ സംവിധാനം ഇന്ന് നിലവിലില്ലാത്തതാണ് റിവൈസ്ഡ് എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാന തടസ്സമായി നിന്നിരുന്നത്. തുടര്‍ന്ന് എംഎല്‍എമാരായ സി.കെ ആശ, ദലീമ ജോജോ, എംപിമാരായ എ.എം ആരിഫ്, തോമസ് ചാഴികാടന്‍ എന്നിവരുടെ അഭ്യര്‍ത്ഥനപ്രകാരം ആറു മാസം മുന്‍പ് റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടെയും പൊതുമരാമത്ത്, ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നടപടികളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിന് 42 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. എന്നാല്‍ 39.9 കോടി രൂപയാണ് പാലം നിര്‍മാണം പുനരാരംഭിക്കാന്‍ ധനവകുപ്പ് അനുവദിച്ചത്. 2.1 കോടി രൂപ കൂടി ആവശ്യമായി വന്നതോടെ എസ്റ്റിമേറ്റ് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്.
കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് വേമ്പനാട്ട് കായലിന് കുറുകെ  നേരേകടവ്-മാക്കേകടവ് പാലം വേണമെന്ന നാടിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുന്‍എം.എല്‍.എമാരായ പി.നാരായണന്‍, കെ.അജിത്ത് എന്നിവരെല്ലാം പാലത്തിനുവേണ്ടി നിയമസഭയില്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്തിയിരുന്നു. ഏറെ നാളത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2008ല്‍ 76 കോടി രൂപ അനുവദിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകിയതോടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. സ്ഥലമുടമകള്‍ക്ക് തുക നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ കരാര്‍ കാലാവധി കഴിഞ്ഞു.
തുടര്‍ന്ന് 2016ലാണ് പാലം നിര്‍മാണത്തിന് വീണ്ടും ജീവന്‍ വെച്ചത്. ഒന്നര വര്‍ഷത്തോളം അതിവേഗത്തില്‍ നീങ്ങിയ പാലം നിര്‍മാണം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടതിയും കേസുമായി പിന്നീട് നിലക്കുകയായിരുന്നു. 2021 ഡിസംബറില്‍ നിര്‍മാണം വിലക്കിയ ഉത്തരവുകള്‍ ഹൈക്കോടതി നീക്കി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടപ്പോള്‍ പാലം നിര്‍മാണം പുനരാരംഭിക്കണമെങ്കില്‍ എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്യേണ്ട സാഹചര്യമുണ്ടായി. ഇതുപ്രകാരമുള്ള ആകെ 42 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റാണ് മന്ത്രിസഭ അംഗീകരിച്ചത്. എറണാകുളം ഗോശ്രീ പാലം നിര്‍മിച്ച കമ്പനിയാണ് പാലം നിര്‍മാണ കരാര്‍ ഏറ്റെടുത്തിരുന്നത്. പ്രതിസന്ധികളും തടസ്സങ്ങളും നീങ്ങി പുതുക്കിയ എസ്റ്റിമേറ്റിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പാലം നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സി.കെ ആശ എംഎല്‍എ പറഞ്ഞു.
നിയുക്ത തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ്-മാക്കേകടവ് പാലം. നിര്‍മാണത്തിന്റെ ആദ്യഘട്ടമായ തുറവൂര്‍ പാലം നിര്‍മാണം 2015ല്‍ പൂര്‍ത്തിയാക്കിയിരുന്നു. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ മാക്കേകടവ്-നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റര്‍ വീതിയുണ്ട്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ വൈക്കത്തും നിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. ശബരിമല ഇടത്താവളമായ തുറവൂരില്‍ നിന്നും വൈക്കം വഴി തീര്‍ത്ഥാടകര്‍ക്ക് പമ്പയിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും.