Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണ മേഖലയ്ക്ക് രക്ഷാകവചം ഒരുക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍: കെ ചന്ദ്രന്‍പിള്ള
25/02/2024
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സഹകരണ മേഖലയ്ക്ക് രക്ഷാകവചം ഒരുക്കുന്നത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള. വൈക്കത്ത് നടക്കുന്ന കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി) സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടനയെ പോലും ബിജെപി തകര്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ത്ത് കേരളത്തെ ഉള്‍പ്പെടെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുകയും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത മനുഷ്യരെ പൗരത്വത്തിന്റെ പേരില്‍ ഇല്ലാതാക്കുകയും ചെയ്യുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ആര്‍എസ്എസില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ടി.ആര്‍ രമേശ് രക്തസാക്ഷി പ്രമേയവും, സംസ്ഥാന ട്രഷറര്‍ പി.വി ജയദേവന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെബിഇഎഫ് ജനറല്‍ സെക്രട്ടറി കെ.ടി അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബെഫി ദേശീയ പ്രസിഡന്റ് എസ്.എസ് അനില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ സനല്‍ ബാബു, കെബിഇഎഫ് ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി ഷാ, വനിത സബ് കമ്മിറ്റി കണ്‍വീനര്‍ എല്‍ സിന്ധുജ, സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ കെ കെ ബിനു, കെ.കെ റീന, മുരുക ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. 'വൈക്കം സത്യാഗ്രഹം ചരിത്രം വര്‍ത്തമാനം' എന്ന വിഷയത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ പ്രഭാഷണം നടത്തി.