Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേട്ടത്തിന്റെ നിറവില്‍ വൈക്കത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
16/02/2024
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ പദ്ധതി ജീവനക്കാരെ പഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി പൊന്നാട അണിയിച്ച് ആദരിക്കുന്നു.

വൈക്കം: ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി വൈക്കം ബ്ലോക്ക് പഞ്ചായത്തും മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തും. സംസ്ഥാനതലത്തില്‍ വൈക്കം നഗരസഭയും ജില്ലാതലത്തില്‍ തലയാഴം പഞ്ചായത്തും രണ്ടാം സ്ഥാനം നേടി. മാതൃകാപരമായ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വൈക്കം ബ്ലോക്ക് പഞ്ചായത്തിന് സ്വരാജ് ട്രോഫി ലഭിച്ചു. 2022-23 ലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അവാര്‍ഡാണ് വൈക്കം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചത്. 50 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിക്കുകയും സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ച ബ്ലോക്കാണ് വൈക്കം. വ്യത്യസ്തവും നൂതനവുമായ പദ്ധതികള്‍ ഏറ്റെടുത്താണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരനേട്ടം സ്വന്തമാക്കിയത്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനത്തിനുള്ള അംഗീകരമാണ് പുരസ്‌കാരമെന്ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിലുള്ള മഹാത്മ പുരസ്‌കാരം നേടി മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ഒന്നാമതായി. തലയാഴം പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.
മറവന്‍തുരുത്ത് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ആകെ 154917 തൊഴില്‍ ദിനങ്ങളാണ് നല്‍കിയത്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെ സംയോജിപ്പിച്ച് വ്യക്തിഗത ആസ്തി സൃഷ്ടിച്ചുകൊണ്ട് കൂടുതല്‍ കുടുംബങ്ങളെ തൊഴിലുറപ്പിലേക്ക് കൊണ്ടുവരുന്നതിനും കഴിഞ്ഞു. കയര്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രവൃത്തി ഏറ്റെടുത്തുകൊണ്ട് ജില്ലയില്‍ ഒന്നാമതാകാനും സാധിച്ചു. പദ്ധതിയുടെ ഭാഗമായി നിരവധി ഗ്രാമീണ റോഡുകളും കലുങ്കുകളും നിര്‍മിച്ചു. പദ്ധതി വഴി നടപ്പിലാക്കിയ നഴ്സറി നിര്‍മാണത്തിലൂടെ പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേക്കുമായി 5000 ഫലവൃക്ഷ ത്തൈകള്‍ വിതരണം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് സരോവര്‍ പദ്ധതിയും പഞ്ചായത്തില്‍ നടപ്പിലാക്കി. 19ന് കൊല്ലത്ത് വെച്ച് നടക്കുന്ന തദ്ദേശ ദിനാഘോഷത്തില്‍ വെച്ച് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സെക്രട്ടറി കെ സുരേഷ് കുമാര്‍, അസി. സെക്രട്ടറി എന്‍ സിന്ധു, എഞ്ചിനീയര്‍ ഒ.വി വിനീത, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി പൊന്നാട അണിയിച്ച് ആദരിച്ചു. ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് പുരസ്‌കാര നേട്ടത്തിനു പിന്നിലെന്ന് പി പ്രീതി പറഞ്ഞു. വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പ്രൊജക്ട് ഡയറക്ടര്‍ ബെവിന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനത്തിന് സംസ്ഥാനതലത്തില്‍ വൈക്കം നഗരസഭയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസത്തെ തൊഴില്‍ ദിനങ്ങളിലായി 3.75 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനം നഗരസഭയില്‍ നടന്നു.