Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിപ്പാടത്തിന് അഭിമാനമായി ആര്‍ബി കെയറിന്റെ സാംസ്‌കാരിക കേന്ദ്രം
16/02/2024
ആര്‍ബി കെയര്‍ ഫൗണ്ടേഷന്‍ വെള്ളൂര്‍ പഞ്ചായത്തിലെ കരിപ്പാടത്ത് സ്ഥാപിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം.

വൈക്കം: നാടിന് തിലകക്കുറിയായി ആര്‍ബി കെയര്‍ ഫൗണ്ടേഷന്‍ കരിപ്പാടത്ത് സ്ഥാപിച്ച സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 17ന് നടക്കും. ആര്‍ബി ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ രാജു പുല്ലുവേലില്‍ ആണ് ജന്മനാടിന്റെ ആഗ്രഹസാഫല്യത്തിന് നിറച്ചാര്‍ത്തേകുന്നത്. യുവാക്കളുടെയും കുട്ടികളുടെയും കായിക പരിശീലനത്തിന് ഇന്‍ഡോര്‍ സ്റ്റേഡിയം, വയോജനങ്ങള്‍ക്കുള്ള പകല്‍ വീട്,  എന്നിവ നിര്‍മിച്ചു നല്‍കി നാടിനോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം പ്രകടമാക്കി. വെള്ളൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡായ കരിപ്പാടം ഹെല്‍ത്ത് സെന്ററിന് സമീപം തന്റെ പേരിലുള്ള 1.63 ഏക്കര്‍ സ്ഥലത്ത് 1.25 കോടി ചെലവഴിച്ച്  5000 ചതുരശ്ര അടിയിലാണ് സാംസ്‌കാരിക നിലയം സ്ഥാപിച്ചിരിക്കുന്നത്.
വോളിബോള്‍ കോര്‍ട്ട്, ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് എന്നിവയും ഇന്‍ഡോറിലും പുറത്തുമായി ആധുനിക നിലവാരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ചെസ്, കാരംസ് എന്നിവ കളിക്കുന്നതിനും  സൗകര്യങ്ങളുമുണ്ട്. ഫിറ്റ്‌നസ് സെന്റര്‍, റീഡിങ് കോര്‍ണര്‍ എന്നിവക്കുപുറമെ വനിതകള്‍ക്ക് സൗജന്യ യോഗ ക്ലാസും ഉണ്ടാകും. വയോജനങ്ങള്‍ക്കുള്ള പകല്‍ വീടിനൊപ്പം അടുക്കളയും പച്ചക്കറിത്തോട്ടവും സജ്ജീകരിച്ചിട്ടുണ്ട്. പ്രതിഭാധനരായ കുട്ടികളെ ചെറുപ്പത്തിലേ തന്നെ നാടിന്റെ ഭാവി താരങ്ങളാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിച്ചിരിക്കുന്നതെന്ന് ആര്‍ബി ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ രാജു പുല്ലുവേലില്‍ പറഞ്ഞു.
സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര നിര്‍വഹിക്കും. സി.കെ ആശ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. റീഡിങ് കോര്‍ണറിന്റെ ഉദ്ഘാടനം എസ്.പിസിഎസ് പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാറും ഇന്‍ഡോര്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം മുന്‍ദേശീയ വോളിബോള്‍ താരം എസ്.എ മധു, ദേശീയ ബാസ്‌കറ്റ് ബോള്‍ താരം എഡ്രിക് പെരേര എന്നിവരും നിര്‍വഹിക്കും. തുടര്‍ന്ന് കലാപരിപാടികളും ഗസല്‍ സന്ധ്യയും അരങ്ങേറും.