Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ തിരുവാതിര മനം നിറഞ്ഞ കാഴ്ചയായി 
15/02/2024
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവളപ്പില്‍ ആശ്രമം സ്‌കൂളിലെ ഇരുന്നൂറിലധികം വിദ്യാര്‍ഥിനികള്‍ ചേര്‍ന്നൊരുക്കിയ മെഗാതിരുവാതിര.

 വൈക്കം: ഇരുന്നൂറിലധികം വിദ്യാര്‍ഥിനികള്‍ ചുവടുവെച്ചാടിയ തിരുവാതിരയുടെ ഭാവചലനങ്ങള്‍ കാണികള്‍ക്ക് മനം നിറഞ്ഞ കാഴ്ചയായി. ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ചാണ് ക്ഷേത്രവളപ്പില്‍ മെഗാതിരുവാതിര അരങ്ങേറിയത്. ആശ്രമം സ്‌കൂളിലെ അഞ്ചു മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് തിരുവാതിരയുടെ വേഷവിധാനത്തില്‍ ശീലുകള്‍ പാടി ആടിയത്. മഹാകവി കുമാരനാശാന്റെ കരുണ, പൂക്കാലം എന്നീ കൃതികളെ അടിസ്ഥാനമാക്കി തിരുവാതിര പാട്ടായി ചിട്ടപ്പെടുത്തിയാണ് മെഗാതിരുവാതിര അവതരിപ്പിച്ചത്.
ഓംകാരേശ്വരം ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകിട്ടത്തെ ദീപാരാധനയുടെ ഭക്തിസാന്ദ്രമായ മുഹൂര്‍ത്തത്തിലാണ് തിരുവാതിര അരങ്ങേറിയത്. തിരുവാതിരയുടെ ദൃശ്യഭംഗി നുകരാന്‍ ക്ഷേത്രവളപ്പില്‍ നൂറുകണക്കിന് ഭക്തര്‍ എത്തിയിരുന്നു.
തിരുവാതിര അവതരണത്തിന്റെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക പി.ആര്‍ ബിജി, പ്രിന്‍സിപ്പാള്‍ ഷാജി ടി.കുരുവിള, ബി.എസ് ബിജി, സാബു കോക്കാട്ട്, ക്ഷേത്രം ഭാരവാഹികളായ എ.എസ് പ്രീജു, കെ.വി പ്രസന്നന്‍, എന്‍.എന്‍ പവനന്‍, വി.ഡി സന്തോഷ്, ടി.പി സുഖലാല്‍ എന്നിവര്‍ പങ്കെടുത്തു.