Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വണിക വൈശ്യസംഘത്തിന്റെ ഊരുചുറ്റല്‍ കുംഭകുടം ആരംഭിച്ചു
10/02/2024
വണിക വൈശ്യ സംഘത്തിന്റെ ഊരുചുറ്റല്‍ കുംഭകുടം വൈക്കം മുത്താരമ്മന്‍ കോവിലില്‍ നിന്നും പുറപ്പെട്ടപ്പോള്‍.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണിക്ക് മുന്‍പായി നടത്തുന്ന പ്രധാന ചടങ്ങായ ഊരുചുറ്റല്‍ കുംഭകുടം ആരംഭിച്ചു. വണിക വൈശ്യസംഘമാണ് ഊരുചുറ്റല്‍ കുംഭകുടം നടത്തുന്നത്. കിഴക്കേനട മുത്താരമ്മന്‍ കോവിലില്‍ മൂത്തേടത്തുകാവ് ക്ഷേത്ര കാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി ഗണപതി ഹോമവും വിശേഷാല്‍ പൂജകളും നടത്തി. കാളിയമ്മനട ക്ഷേത്രത്തിലെ വെളിച്ചപ്പാട് ജയന്‍ വെളിയംപള്ളി ദീപം തെളിയിച്ചു കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തിയ ശേഷമാണ് ഊരുചുറ്റല്‍ തുടങ്ങിയത്. പ്രത്യേക വ്രതം അനുഷ്ഠിച്ചയാള്‍ കുംഭം ശിരസ്സിലേറ്റി.  ദേവിയുടെ സ്തുതി ഗീതങ്ങളും താളങ്ങള്‍ക്കും അനുസരിച്ച് നൃത്തച്ചുവടുകളുമായി നടത്തുന്ന ഊരുചുറ്റല്‍  ഫെബ്രുവരി 14 വരെ വൈക്കം നഗരത്തില്‍ ഉണ്ടാകും. ചടങ്ങുകള്‍ക്ക് വണിക വൈശ്യ സംഘം ഭാരവാഹികളായ വി.ആര്‍ ഗിരി, എം നിഷാദ് എ.വേലായുധന്‍ ചെട്ടിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുംഭഭരണി ദിനമായ  ഫെബ്രുവരി 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുത്താരമ്മന്‍ കോവിലില്‍ നിന്നും ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കുംഭകുട ഘോഷയാത്ര പുറപ്പെട്ട് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഏഴിന് മൂത്തേടത്തുകാവ് ക്ഷേത്രത്തിലേത്തി അഭിഷേകം നടത്തും. വണിക സംഘത്തിന്റെ കുംഭകുടം ക്ഷേത്രത്തിലെത്തുമ്പോള്‍ മൂത്തേടത്തുകാവ് ഭഗവതി ആനപ്പുറത്തെഴുന്നള്ളി എതിരേല്‍ക്കുന്ന ചടങ്ങുമുണ്ട്. രാവിലെ എട്ടിന് മുത്താരമ്മന്‍ കോവിലിലേക്ക് ദേശതാല താലപ്പൊലി, ഒന്‍പതിന് തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സര്‍പ്പദേവതകളുടെ വാര്‍ഷിക പൂജ, ഉച്ചക്ക് 12ന് പമ്പമേളം, രണ്ടിന് വില്‍പ്പാട്ട്, 2.45ന് സോപാന സംഗീതം, മൂന്നിന് കുംഭം നിറക്കല്‍, കുംഭകുട ഘോഷയാത്ര, അഞ്ചിന് കുത്തിയോട്ടം, ഏഴിന് മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ എതിരേല്‍പ്പ്, എട്ടിന് അഭിഷേകം എന്നിവ നടക്കും.