Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുവിദ്യാഭ്യാസരംഗത്ത് സമഗ്ര പരിഷ്‌കരണം നടപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി
23/01/2024
കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ പരിഷ്‌കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും സാങ്കേതിക വിദ്യയും ജീവിതത്തെ സര്‍വതല സ്പര്‍ശിയായി സ്വാധീനിക്കുന്ന ലോകത്തില്‍ അതിജീവനത്തിനും ഉപജീവനത്തിനും ഉള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാക്കുന്ന വിദ്യാഭ്യാസത്തെ മാറ്റുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
സാര്‍വത്രിക സ്‌കൂള്‍ വിദ്യാഭ്യാസം എന്നത് യാഥാര്‍ഥ്യമാക്കിയ നാടാണ് കേരളം. സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കാന്‍ അവകാശമില്ലാതിരുന്ന കാലത്തുനിന്നും തീഷ്ണമായ മുന്നേറ്റങ്ങളിലൂടെയാണ് സാര്‍വത്രിക സ്‌കൂള്‍ പ്രവേശനം നമ്മുടെ നാട്ടില്‍ സാധ്യമാക്കിയത്. വിദ്യാഭ്യാസക്രമത്തെ പൊതുമേഖലയില്‍ ആവുന്നത്ര സഹായിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതിന്റെ അടിസ്ഥാനത്തിലാണ് അയ്യായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ നടത്തിയത്. ഒരു വ്യാഴവട്ട കാലത്തിനുശേഷം സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കപ്പെടുകയാണ്. ആദ്യഘട്ട പുതിയ പാഠപുസ്തകങ്ങള്‍ ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളിലേക്ക് എത്തും. ഭരണഘടനയുടെ ആമുഖം നമ്മള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍ചേര്‍ക്കുന്നുണ്ട്. അതുമൊരു ചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയില്‍പെടുത്തി 2.26 കോടി രൂപ ചെലവഴിച്ചാണ് 7707 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ് പദ്ധതി വിശദീകരിച്ചു. പിഡബ്ല്യുഡി ബില്‍ഡിങ്‌സ് വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍ റാണി വിജയലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍ഡിഡി കെ.ആര്‍ ഗിരിജ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ് പുഷ്പമണി, മറവന്‍തുരുത്ത് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് വി.ടി പ്രതാപന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സീമ ബിനു, ബി ഷിജു, ബിന്ദു പ്രദീപ്, വാര്‍ഡ് മെമ്പര്‍ പോള്‍ തോമസ്, ഡിഡിഇ സുബിന്‍ പോള്‍, ഡിഇഒ പ്രീത രാമചന്ദ്രന്‍, എഇഒ എം.ആര്‍ സുനിമോള്‍, പിടിഎ പ്രസിഡന്റ് പി ബാലകൃഷ്ണപിള്ള, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍ അനിത, പ്രധാനാധ്യാപിക കെ.എം വിജയലക്ഷ്മി, കെ രൂപേഷ് കുമാര്‍, ടി.എം രമ, പി രാജേന്ദ്രപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.