Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക മേഖലയില്‍ 2365 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും:  മന്ത്രി പി പ്രസാദ്
22/01/2024
വൈക്കം നിയോജകമണ്ഡലത്തിലുള്‍പ്പെട്ട തലയാഴം, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍  നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം മന്ത്രി പി പ്രസാദ് നിര്‍വഹിക്കുന്നു.

വൈക്കം: കാര്‍ഷിക മേഖലയില്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 2365 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. തലയാഴം, കല്ലറ പഞ്ചായത്തുകളിലെ സികെഎന്‍, കളപ്പുരയ്ക്കല്‍ കരി, മുണ്ടാര്‍ 5 പാടശേഖരങ്ങളില്‍ അഞ്ചുകോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനത്തിലൂടെ കാര്‍ഷിക മേഖല വന്‍ പ്രതിസന്ധി നേരിടുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി കാര്‍ഷിക മേഖലയിലെ ഗവേഷകര്‍ പുതിയ ഇനം വിത്തിനങ്ങള്‍ രൂപപ്പെടുത്തുന്നുണ്ടെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു.  വൈക്കം തോട്ടകം സര്‍വീസ് സഹകരണ ബാങ്കിനെ നാളികേര സംഭരണത്തില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.
തലയാഴം വാഴക്കാട് ഭഗത്‌സിങ് കലാവേദിയില്‍ നടന്ന പരിപാടിയില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. നെല്‍കൃഷിക്കാവശ്യമായ സൂഷ്മ മൂലകങ്ങള്‍ കാര്‍ഷിക ഡ്രോണുപയോഗിച്ച് തളിക്കുന്നതിന്റെ പ്രദര്‍ശന ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു
നബാര്‍ഡില്‍നിന്നുള്ള ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പമ്പ് ഹൗസ് നിര്‍മാണം, സ്ലൂയിസ് നിര്‍മാണം, പുറംബണ്ട് സംരക്ഷിക്കുന്നതിന് ആവശ്യമായി പാടശേഖരങ്ങളിലെ നിലവിലെ കല്‍ക്കെട്ട് ഉയരം കൂട്ടല്‍, പുതിയ പുറംബണ്ട് നിര്‍മാണം, വാച്ചാല്‍ സംരക്ഷണം, വിസിബി നിര്‍മാണം, കല്ലറ കൃഷിഭവനിലെ വിവിധ പാടശേഖരങ്ങളിലെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍ എന്നീ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്  തുടക്കം കുറിച്ചത്.
കൃഷിവകുപ്പ് എക്‌സി. എഞ്ചിനീയര്‍ സി.കെ രാജ്‌മോഹന്‍ പദ്ധതി വിശദീകരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. പുഷ്പമണി, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെല്‍സി സോണി, അംഗങ്ങളായ രമേശ് പി.ദാസ്, ഷീജ ബൈജു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പ്രീത പോള്‍,  അസി. ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി ശോഭ തുടങ്ങിയവര്‍ പ്രസംഗിച്ചു.