Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും
21/01/2024
വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുന്ന കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം

വൈക്കം: കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ജനുവരി 22ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയില്‍പെടുത്തി 2.26 കോടി രൂപ ചെലവഴിച്ച് 7707 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
മറവന്‍തുരുത്ത് പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്‍ഡറി വിദ്യാലയമായ കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1905ലാണ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ പ്രൈമറി വിദ്യാലയമായിരുന്ന സ്‌കൂള്‍ 1957ല്‍ ഹൈസ്‌കൂളായും 2000ത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായും ഉയര്‍ത്തി. 1964ല്‍ ഇവിടുത്തെ ലോവര്‍ പ്രൈമറി വിഭാഗം തെക്കുഭാഗത്തേക്ക് മാറ്റി പ്രത്യേകം ഗവ. എല്‍പി സ്‌കൂള്‍ ആയി. മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ ഡോ. മമ്മൂട്ടി, കേരളത്തിലെ ആദ്യ ന്യൂറോ സര്‍ജന്‍ ഡോ. കുമാര്‍ ബാഹുലേയന്‍, അന്തര്‍ദേശീയ സാഹസിക നീന്തല്‍താരം എസ്.പി മുരളീധരന്‍, ജില്ലാ ജഡ്ജിയായിരുന്ന ആര്‍ രഘു തുടങ്ങിയവരെല്ലാം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളാണ്. എസ്എസ്എല്‍സിയ്ക്ക് നൂറ് ശതമാനം വിജയം കൈവരിക്കുന്ന സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി കോമേഴ്സ് വിഭാഗത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തുടര്‍ച്ചയായി ഏറ്റവും മികച്ച വിജയം കൈവരിക്കുന്ന വിദ്യാലയം കൂടിയാണ്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യാതിഥിയാകും. വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ് പദ്ധതി വിശദീകരിക്കും.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ് പുഷ്പമണി, മറവന്‍തുരുത്ത് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് വി.ടി പ്രതാപന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, അംഗം രേഷ്മ പ്രവീണ്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സീമ ബിനു, ബി ഷിജു, ബിന്ദു പ്രദീപ്, കോട്ടയം ഡിഡിഇ സുബിന്‍ പോള്‍, ഡിഇഒ പ്രീത രാമചന്ദ്രന്‍, എഇഒ സി.എസ് സുനിമോള്‍ എന്നിവര്‍ പ്രസംഗിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ പോള്‍ തോമസ്, പിടിഎ പ്രസിഡന്റ് പി ബാലകൃഷ്ണപിള്ള, പ്രിന്‍സിപ്പാള്‍ എന്‍ അനിത, കെ.എം സ്മിത, പി.സി റെജിമോന്‍ എന്നിവര്‍ അറിയിച്ചു.