Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡോക്ടര്‍മാര്‍ക്ക് നന്ദി; ജീവിതത്തിലേക്ക് ചുവടുവെച്ച് അമല്‍  
21/01/2024
വയല ഗവ. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അമല്‍ പാപ്പച്ചനെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കുന്നു.

വൈക്കം: അപകടത്തില്‍ പരുക്കേറ്റ് ശരീരം തളര്‍ന്നു അബോധാവസ്ഥയിലായ കുറവിലങ്ങാട് വയല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അമല്‍ തിരികെ ജീവിതത്തിലേക്ക്. വൈക്കം ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെയാണ് വയലാ നാലുതൊട്ടിയില്‍ അമല്‍ പാപ്പച്ചന്‍ (15) ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24നാണ് കുറവിലങ്ങാട് പുത്തനങ്ങാടിയില്‍വെച്ച് സൈക്കിളില്‍ സഞ്ചരിച്ച അമലിന്റെ പിന്നില്‍ കാര്‍ ഇടിക്കുന്നത്. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റ അമലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ രണ്ടാഴ്ചയോളം അബോധാവസ്ഥയില്‍ കിടന്ന അമലിനെ പിന്നീട് പാലാ ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. ചലനശേഷി നഷ്ടപ്പെട്ട് ജീവന്‍ മാത്രം നിലനിന്ന അമലിനെ സെപ്റ്റംബറിലാണ് വിദഗ്ധ ചികിത്സക്കായി വയല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപിക എച്ച് ജാസ്മിന്റെയും പിടിഎയുടെയും നേതൃത്വത്തില്‍ ഇന്‍ഡോ അമേരിക്കല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്.
എട്ട് വര്‍ഷം മുമ്പ് പിതാവ് മരണപ്പെട്ട അമലിന്റെ ചികിത്സാ ചെലവ് അമ്മ റോസ്ലിക്കും വിദ്യാര്‍ഥിയായ സഹോദരി അയനക്കും താങ്ങാവുന്നതായിരുന്നില്ല. തുടര്‍ന്ന് സ്‌കൂള്‍ അധ്യാപകരും പിടിഎ ഭാരവാഹികളും കടപ്ലാമറ്റം പഞ്ചായത്ത് അധികൃതരും, നാട്ടുകാരും ചേര്‍ന്ന് അമലിന് ചികിത്സക്ക് വേണ്ടിയുള്ള പണം സമാഹരിച്ചു. ആശുപത്രി മാനേജ്മെന്റും അനുഭാവപൂര്‍ണമായ നിലപാട് എടുത്തു. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിജു രവീന്ദ്രന്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ. പരമേശ്വരന്‍, ഡോ. അനു തോമസ്, ഡോ. ജോണ്‍ തോമസ്, ഡോ. ബിപിന്‍ കെ.ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അമലിനെ ചികിത്സിച്ചു. വേഗത്തില്‍ മരുന്നുകളോട് പ്രതികരിച്ച അമല്‍ ആഴ്ചകള്‍ക്കുള്ളില്‍ ചലനശക്തി വീണ്ടെടുത്തു. ഗ്രീഷ്മ ഗണേഷ്, അനു രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നല്‍കിയ സ്പീച്ച്തെറാപ്പിയെ തുടര്‍ന്ന് സംസാരിശേഷിയും തിരികെ ലഭിച്ച അമല്‍ ക്രമേണ നടക്കാനും തുടങ്ങി. നാലു മാസത്തെ ചികിത്സക്കൊടുവില്‍ പൂര്‍ണ ആരോഗ്യവാനായ അമല്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജായി.
തങ്ങളുടെ പ്രിയ വിദ്യാര്‍ഥിയെ തിരികെ കൊണ്ടുപോകാന്‍ പ്രധാനാധ്യാപിക എച്ച് ജാസ്മിന്‍, അധ്യാപകരായ ജിന്‍സി സെബാസ്റ്റ്യന്‍, ബി ലഹരി രാജന്‍, എസ്.സി ശ്രീവിദ്യ, പിടിഎ പ്രസിഡന്റ് കെ.ജി അനില്‍കുമാര്‍, പിടിഎ ഭാരവാഹികള്‍, സഹപാഠികള്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. ചെമ്മനാകരി ആശുപത്രിയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ഡോ. കെ പരമേശ്വരന്‍, ഡോ. ബിജു രവീന്ദ്രന്‍, ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി കമലാസനന്‍, ഫിസിയോതെറാപ്പിസ്റ്റ് പി അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.