Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ഞിപ്പാലം-വാളോര്‍മംഗലം തോട് ശുചീകരണം തുടങ്ങി
16/01/2024
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ പഞ്ഞിപ്പാലം-വാളോര്‍മംഗലം തോട് ആഴംകൂട്ടി വൃത്തിയാക്കുന്നു.

വൈക്കം: മൂന്ന് പതിറ്റാണ്ടായി പുല്ലും പായലും നിറഞ്ഞു നീരൊഴുക്ക് തടസപ്പെട്ട മറവന്‍തുരുത്തിലെ മൂവാറ്റുപുഴയാറിന്റെ കൈവഴിയായ പഞ്ഞിപ്പാലം- ഈരപ്പാറ- വാളോര്‍മംഗലം തോട് നീരൊഴുക്ക് സാധ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. തോടിന്റെ രണ്ട് കിലോമീറ്ററോളം ഭാഗത്തെ പുല്ലും പായലും യന്ത്രം ഉപയോഗിച്ച് വാരി മാറ്റുന്ന ജോലിയാണ് തുടങ്ങിയത്. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയില്‍ 22.5 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പിന് കഴിഞ്ഞമാസമാണ് അംഗീകാരം ലഭിച്ചത്. പുല്ലും പായലും നിറഞ്ഞ തോടിന്റെ ഭാഗം വൃത്തിയാക്കുന്നതോടെ മറവന്‍തുരുത്ത് പഞ്ചായത്തിലെ മൂന്ന്, നാല്, 10, 11 12 വാര്‍ഡുകളിലെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് പ്രയോജനം ലഭിക്കുക. തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നതും പതിവായിരുന്നു. കൂടാതെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു. പുഴ വൃത്തിയാക്കുന്നതോടെ വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ഇത്തരം ദുരിതത്തിന് ശാശ്വതപരിഹാരമാകും.
ലോകടൂറിസം ഭൂപടത്തില്‍ ഇടം നേടിയ മറവന്‍തുരുത്തില്‍ കയാക്കിങ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ നടക്കുന്നുണ്ട്. തോട് വൃത്തിയാക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് കയാക്കിങ് ചെയ്യാന്‍ അവസരം ലഭിക്കുന്നതോടൊപ്പം ചെറിയ വള്ളങ്ങള്‍, ശിക്കാര ബോട്ടുകള്‍ എന്നിവക്ക് തോട്ടിലൂടെ സുഗമമായി സഞ്ചരിക്കാനും കഴിയും. തോട്ടില്‍ പൂര്‍ണതോതില്‍ നീരൊഴുക്ക് സാധ്യമാകുന്നതോടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. മത്സ്യബന്ധനവും ജലഗതാഗതവും തോട്ടിലൂടെ സുഗമമായി നടക്കുമെന്ന് മറവന്‍തുരുത്ത് പഞ്ചായത്ത് അംഗം കെ.എസ് ബിജുമോന്‍ പറഞ്ഞു.