Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപ്പുവെള്ള ഭീഷണി; തോട്ടുവക്കത്ത് ഓരുമുട്ട് നിര്‍മാണം തുടങ്ങി
14/01/2024
വൈക്കം കെ.വി കനാലിനുകുറുകെ തോട്ടുവക്കത്ത് ഓരുമുട്ട് നിര്‍മാണം ആരംഭിച്ചപ്പോള്‍.

വൈക്കം: അപ്പര്‍കുട്ടനാട്ടിലെ നെല്‍കൃഷിയേയും ഇടവിളകളേയും ഓരുവെള്ള ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി വേമ്പനാട്ട് കായലും കരിയാറുമായി ചേരുന്ന തോട്ടുവക്കത്ത് ഓരുമുട്ട് നിര്‍മാണം തുടങ്ങി. മൂവാറ്റുപുഴയാറും കരിയാറും സംഗമിക്കുന്ന വാഴമന മുട്ടുങ്കലില്‍ ഓരുമുട്ട് നിര്‍മാണം അടുത്ത ദിവസം തുടങ്ങും. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടച്ചിട്ടു ദിവസങ്ങളായി. കായല്‍ ജലത്തില്‍ ഏതാനും ദിവസങ്ങള്‍ക്കകം ലവണാംശമേറുമെന്ന് ആരോപിച്ച് കര്‍ഷക സംഘടനകള്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ പ്രധാന ഓരുമുട്ടുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചത്. തലയാഴം, വെച്ചൂര്‍, ഉദയനാപുരം, തലയോലപ്പറമ്പ്, കല്ലറ പഞ്ചായത്തുകളിലായി നൂറുകണക്കിന് ഏക്കറിലാണ് നെല്‍കൃഷിയുള്ളത്. നെല്‍കൃഷിക്ക് പുറമെ വാഴ, കപ്പ, പച്ചക്കറി, ജാതി തുടങ്ങിയ ഇടവിളകളും ഉപ്പ് കയറി നശിക്കാതിരിക്കാന്‍ ഓരുമുട്ടുകള്‍ സമയബന്ധിതമായി സ്ഥാപിക്കേണ്ടതുണ്ട്. വെച്ചൂര്‍, തലയാഴം, ടി വി പുരം, വൈക്കം നഗരസഭ, ഉദയനാപുരം ചെമ്പ്, തലയോലപ്പറമ്പ്, മറവന്‍തുരുത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പുഴ, ഇടയാര്‍, നാട്ടുതോടുകള്‍ എന്നിവ വേമ്പനാട്ട് കായലുമായി ചേരുന്നിടങ്ങളിലാണ് ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നത്. വെച്ചൂര്‍, തലയാഴം, ടി.വി പുരം പഞ്ചായത്തുകളില്‍ ഓരുമുട്ടു നിര്‍മാണം പൂര്‍ത്തിയായി. ഓരുജലം കയറി നെല്‍കൃഷി, പച്ചക്കറി, കപ്പ, വാഴ, ജാതി തുടങ്ങിയവയടക്കം മുന്‍ കാലങ്ങളില്‍ വ്യാപകമായി നശിച്ചിരുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടക്കുന്നതിന് പിന്നാലെ ഉള്‍പ്രദേശങ്ങളിലെ കൃഷി സംരക്ഷിക്കുന്നതിനായി സമയബന്ധിതമായി മുട്ട് സ്ഥാപിക്കണമെങ്കിലും അധികൃതരുടെ അനാസ്ഥമൂലം പലപ്പോഴും വൈകാറാണ് പതിവ്. ടി വി പുരം ചേരിക്കല്‍ പടിഞ്ഞാറ് പാടശേഖരത്തിലെ 32 ഏക്കര്‍ നെല്‍കൃഷി രണ്ട് വര്‍ഷം മുമ്പ് ഓരുമുട്ട് വൈകിയതിനെ തുടര്‍ന്ന് നശിച്ചിരുന്നു.