Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തു; അഞ്ചുമന പാലം നിര്‍മാണം പുനരാരംഭിച്ചു
14/01/2024
വൈക്കം-വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിന്റെ മുടങ്ങിപ്പോയ നിര്‍മാണജോലികള്‍ പുനരാരംഭിച്ചപ്പോള്‍.

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലത്തിന്റെ മുടങ്ങിപ്പോയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ പഴയപാലം പൊളിച്ച് പണിത പുതിയ പാലത്തിന്റെ നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായിരുന്നുവെങ്കിലും അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ചില സ്ഥലഉടമകളുടെ ഭാഗത്തു നിന്നുമുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ് തുടര്‍നിര്‍മാണത്തിന് തടസ്സം നേരിട്ടത്. തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം കിഫ്ബി എല്‍.എ തഹസില്‍ദാര്‍, അപ്രോച്ച് റോഡിനുള്ള 1.62 ആര്‍ വസ്തു മൂന്ന് ഉടമകളില്‍ നിന്നും ഏറ്റെടുത്ത് റോഡ് നിര്‍മാണം നടത്തുന്ന കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സി. എഞ്ചിനീയര്‍ക്ക് കൈമാറി.  പാലത്തിന്റെ പഴയ നിര്‍മാണ കരാറിന്റെ റേറ്റ് റിവിഷന്‍ സംബന്ധിച്ച് കിഫ്ബിയില്‍ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  പുനരാരംഭിച്ചത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തിന്റെ ഒന്നാംഘട്ട പദ്ധതിയില്‍പെടുത്തിയുള്ളതാണ് അഞ്ചുമന പാലത്തിന്റെ പുനര്‍നിര്‍മാണം.
1956ല്‍ പഴയ നിര്‍മിച്ച അഞ്ചുമന പാലത്തിലൂടെ ഒരേസമയം വലിയവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. വീതികുറഞ്ഞ പാലത്തിന്റെ അടിഭാഗത്ത് കാലപ്പഴക്കത്താല്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു. ഇടുങ്ങിയ പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഇടിച്ച് കൈവരികള്‍ തകര്‍ന്ന് പാലം കൂടുതല്‍ അപകടാവസ്ഥയിലായി. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പദ്ധതിയായി പരിഗണിച്ചുകൊണ്ടാണ് മൂന്ന് വര്‍ഷം മുന്‍പ് പാലം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. വൈക്കം-വെച്ചൂര്‍ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തിര പ്രാധാന്യത്തോടെ പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചശേഷമാണ് അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്ത് നിര്‍മാണം മുടങ്ങിയത്. തടസ്സം നീങ്ങിയതോടെ, ബാക്കി നില്‍ക്കുന്ന ജോലികള്‍ എത്രയുംവേഗം പൂര്‍ത്തീകരിച്ച് പാലം ഉടന്‍ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.