Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രീത രാജേഷ് വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍
11/01/2024

വൈക്കം: നഗരസഭയുടെ പുതിയ അധ്യക്ഷയായി യുഡിഎഫിലെ പ്രീതാ രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 26 അംഗ കൗണ്‍സിലില്‍ 25 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. പ്രീത രാജേഷിന് 12 വോട്ടും എല്‍ഡിഎഫിലെ കവിതാ രാജേഷിന് ഒന്‍പത് വോട്ടും ലഭിച്ചു. എല്‍ഡിഎഫിലെ സുശീല എം നായര്‍ അനാരോഗ്യത്തെ തുടര്‍ന്ന് വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ആദ്യഘട്ട വോട്ടെടുപ്പില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ്. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത് യുഡിഎഫിനെ ഞെട്ടിച്ചു. പിശക് പറ്റിയതാണെന്ന് ബി ചന്ദ്രശേഖരന്‍ പറഞ്ഞു.
26 അംഗ നഗരസഭയില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് ഒന്‍പത്, ബിജെപി നാല്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. കേവല ഭൂരിപക്ഷമില്ലാതെയാണ് യുഡിഎഫ് നഗരസഭ ഭരിക്കുന്നത്. സ്വതന്ത്രരായ എന്‍ അയ്യപ്പന്‍ യുഡിഎഫിനും, എ.സി മണിയമ്മ എല്‍ഡിഎഫിനും വോട്ട് ചെയ്തു. മുമ്പ് രണ്ട് തവണ അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അയ്യപ്പന്‍ വിട്ടു നിന്നിരുന്നു.
യുഡിഎഫിലെ പ്രീത രാജേഷ്, എല്‍ഡിഎഫിലെ കവിതാ രാജേഷ്, ബിജെപിയുടെ കെ.ബി ഗിരിജകുമാരി എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. യുഡിഎഫ് ധാരണപ്രകാരം അഞ്ച് വര്‍ഷം മൂന്ന് വനിതകളെയാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തീരുമാനിച്ചത്. ഇതില്‍ രേണുക രതീഷ്, രാധിക ശ്യാം എന്നിവരാണ് ആദ്യ മൂന്നുവര്‍ഷം വീതം വെച്ചത്.

തെരഞ്ഞെടുപ്പ് നടന്നത് രണ്ട് ഘട്ടമായി

രണ്ട് ഘട്ടമായാണ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ 25 പേര്‍ വോട്ട് ചെയ്തതില്‍ പ്രീത രാജേഷ് 11, കവിതാ രാജേഷ് 10, കെ.ബി ഗിരിജകുമാരി 4 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. ബി ചന്ദ്രശേഖരന്റെ വോട്ട് കവിതാ രാജേഷിന് ലഭിച്ചു. രണ്ടാം ഘട്ടത്തില്‍ കുറവ് വോട്ട് നേടിയ കെ.ബി ഗിരിജാകുമാരിയെ മത്സരരംഗത്തുനിന്ന് ഒഴിവാക്കി. ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെ 21 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. പ്രീതയ്ക്ക് 12 വോട്ടും കവിതയ്ക്ക് ഒന്‍പത് വോട്ടും ലഭിച്ചു. കൂടുതല്‍ വോട്ട് നേടിയ പ്രീത രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചു. പ്രീതാ രാജേഷിന് ഉപവരണാധികാരി ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ എസ് വിനോദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 21-ാം വാര്‍ഡ് കൗണ്‍സിലറാണ് പ്രീത. അനുമോദനയോഗത്തില്‍ മുഴുവന്‍ കൗണ്‍സിലര്‍മാരും പ്രീതയ്ക്ക് ആശംസകള്‍ നേര്‍ന്നു.