Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓരുമുട്ട് നിര്‍മാണം നീളുന്നു; കിസാന്‍സഭ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
05/01/2024
ഓരുമുട്ടുകള്‍ സ്ഥാപിച്ച് പുഞ്ചകൃഷിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈനര്‍ ഇറിഗേഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉപ്പുവെള്ളത്തെ തടഞ്ഞ് പുഞ്ചകൃഷിക്ക് സംരക്ഷണമേകാന്‍ അടിയന്തിരമായി ഓരുമുട്ടുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈനര്‍ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കരിയാറിനും കെവി കനാലിനും കുറുകെ ഓരുമുട്ടുകള്‍ നിര്‍മിച്ചാണ്പുഞ്ചകൃഷിക്ക് സംരക്ഷണമേകിയിരുന്നത്. ഓരുവെള്ളത്തിന്റെ വരവ് തടയാന്‍ മുട്ട് നിര്‍മിക്കേണ്ട ചുമതല വൈക്കത്തെ മൈനര്‍ ഇറിഗേഷനാണ്. എന്നാല്‍ മുട്ട് സ്ഥാപിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഇതുമൂലം 1200 ഏക്കര്‍ പുഞ്ചകൃഷി ഓരുവെള്ള ഭീഷണിയിലാണ്. തലയാഴം, കല്ലറ, വടയാര്‍ മേഖലകളിലെ പാടശേഖരങ്ങളാണ് ഉപ്പുവെള്ള ഭീഷണിയെ നേരിടുന്നത്. ഡിസംബര്‍ 15ന് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടച്ചാല്‍ അനുബന്ധമായി പഞ്ചായത്തുകളിലെയും നഗരസഭയിലെയും ഓരുമുട്ടുകള്‍ ഇടേണ്ടതാണ്. വെച്ചൂരിലും തലയാഴത്തും ഇത് പൂര്‍ത്തീകരിച്ചുകഴിഞ്ഞെങ്കിലും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കരിയാറിലും തോട്ടുവക്കത്തും മുട്ട് സ്ഥാപിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചു നടത്തിയ സമരം കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ ചന്ദ്രബാബു, സുന്ദരന്‍ അറക്കല്‍, പി സോമന്‍പിള്ള, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, ആര്‍ സന്തോഷ്, പി.ജി ബേബി, അശോകന്‍ വെള്ളവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ് ബേബി, യു.മോഹനന്‍, ലേഖാ ശ്രീകുമാര്‍, സുജാത മധു എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.