Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുപ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥ സേവകരാകരണം: പന്ന്യന്‍ രവീന്ദ്രന്‍
31/12/2023
സി.കെ വിശ്വനാഥന്‍ സ്മാരക പുരസ്‌കാരം വിപ്ലവഗായിക പി.കെ മേദിനിയ്ക്ക് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ സമ്മാനിക്കുന്നു.

വൈക്കം: ദാരിദ്ര്യത്തിന്റെയും പീഡനങ്ങളുടെയും കൊടുമുടിയില്‍ ജീവന്‍പണയംവെച്ച് പ്രവര്‍ത്തിച്ച രാഷ്ട്രീയ കാലഘട്ടത്തിന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകങ്ങളായിരുന്നു സി.കെ വിശ്വനാഥനെപ്പോലുള്ള ആദ്യകാല കമ്മ്യൂണിസ്റ്റുകാരെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ആദ്യകാല സിപിഐ നേതാവും, സ്വാതന്ത്ര്യസമരസേനാനിയും, എംഎല്‍എയുമായിരുന്ന സി.കെ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മൂല്യച്യുതി കടന്നുവരുന്ന ഇക്കാലത്ത് കച്ചവടതാല്‍പര്യങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരെ സ്വാധീനിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ജനഹിതത്തിനുവേണ്ടി നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് പൊതുപ്രവര്‍ത്തകര്‍ കാഴ്ച വെക്കേണ്ടതെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വിപ്ലവഗായിക പി.കെ മേദിനിയ്ക്ക് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് സമ്മാനിച്ചു. മറ്റുള്ളവരുടെ സുഖം സ്വന്തം സുഖത്തേക്കാള്‍ പ്രധാനമായി കരുതുന്നവരാണ് മാതൃകാപൊതുപ്രവര്‍ത്തകരെന്നും, മറ്റുള്ളവര്‍ക്കായി സ്വജീവിതം സമര്‍പ്പിച്ച അത്തരം ആളുകള്‍ എക്കാലവും ആവേശമാണെന്നും എം ജയചന്ദ്രന്‍ പറഞ്ഞു. കടന്നുപോന്ന വഴികളിലെല്ലാം പ്രകാശം വരുത്തിയ ഗാനവിശുദ്ധിയാണ് പി.കെ മേദിനിയുടേത്. ഹൃദയത്തില്‍നിന്നും ആത്മാവില്‍ നിന്നുമാണ് അവര്‍ പാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇണ്ടംതുരുത്തിമനയിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, സി.കെ ആശ എംഎല്‍എ, ആര്‍ സുശീലന്‍, എം.ഡി ബാബുരാജ്, സാബു പി മണലൊടി, പി.ജി തൃഗുണസെന്‍, പി സുഗതന്‍, കെ.എ രവീന്ദ്രന്‍, നന്ദു ജോസഫ്, ബി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.