Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരി പദയാത്ര: പീതാംബരദീക്ഷ അണിയിച്ചു
20/12/2023
എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ ക്യാപ്റ്റന്‍ പി.വി ബിനേഷിനെ ശിവഗിരി മഠം ധര്‍മചൈതന്യ സ്വാമികള്‍ പീതാംബരദീക്ഷ അണിയിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 26ന് പുറപ്പെടുന്ന ഒന്‍പതാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 135 തീര്‍ത്ഥാടകരാണ് വ്രതശുദ്ധിയോടെ പദയാത്രയില്‍ അണിചേരുന്നത്. 157 കിലോ മീറ്റര്‍ കാല്‍നടയായാണ് ശിവഗിരി കുന്നിലേക്ക് പുറപ്പെടുന്നത്. അഞ്ച് ദിവസം നീളുന്ന തീര്‍ത്ഥാടന പദയാത്രയുടെ ക്യാപ്റ്റന്‍ എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷാണ്. കഴിഞ്ഞ എട്ട് വര്‍ഷം പദയാത്രയെ നയിച്ച അനുഭവസമ്പത്തോടെയാണ് ബിനേഷ് ഇക്കുറിയും പദയാത്രയുടെ അമരക്കാരനാവുന്നത്. ക്യാപ്റ്റനും മറ്റ് പദയാത്രികര്‍ക്കും പീതാംബരദീക്ഷ അണിയിക്കുന്ന ചടങ്ങ് ഇന്നലെ രാവിലെ വൈക്കം യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഗുരുദേവന്റെ ഛായാചിത്രം അലങ്കരിച്ച് ദീപം തെളിച്ച ശേഷം ജാഥാ ക്യാപ്റ്റന്‍ പി.വി ബിനേഷിനെ ശിവഗിരി മഠം ധര്‍മചൈതന്യ സ്വാമികള്‍ പീതാംബരദീക്ഷ അണിയിച്ചു. തുടര്‍ന്ന് മറ്റ് പദയാത്രികരേയും പീതാംബരദീക്ഷ അണിയിച്ചു. 26ന് രാവിലെ ഒമ്പതിന് ആശ്രമം ഹൈസ്‌കൂള്‍ അങ്കണത്തില്‍ നിന്നാണ് പദയാത്ര പുറപ്പെടുന്നത്. പദയാത്ര സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. പദയാത്ര ക്യാപ്റ്റന്‍ പി.വി ബിനേഷിന് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ധര്‍മ പതാക കൈമാറും. 157 കിലോമീറ്റര്‍ താണ്ടി 30ന് രാവിലെ 11ന് ശിവഗിരി മഹാസമാധിയില്‍ പദയാത്രസമര്‍പ്പണ ചടങ്ങ് നടത്തും. പീതാംബരദീക്ഷ അണിയിക്കല്‍ ചടങ്ങില്‍ പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ഭാരവാഹികളായ രാജേഷ് മോഹന്‍, എം.എസ് രാധാകൃഷ്ണന്‍, സെന്‍ സുഗുണന്‍, പി.വി വിവേക്, വനിതാസംഘം പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, രമാ സജീവ് എന്നിവര്‍ പങ്കെടുത്തു.