Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്‍ ജലോത്സവം: കൊച്ചി താണിയൻ ജേതാക്കൾ
18/12/2023
ചെമ്പ് ഗ്രാമപഞ്ചായത്തും ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്നു  മൂവാറ്റുപുഴയാറ്റില്‍ നടത്തിയ ചെമ്പിലരയന്‍ ജലോത്സവത്തില്‍ താണിയന്‍ ഒന്നാമതെത്തുന്നു.

തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിലെ ഓളപ്പരപ്പില്‍ വള്ളംകളി പ്രേമികളെ ആവേശം വാനോളമുയര്‍ത്തി ചെമ്പിലരയന്‍ ജലോത്സവം. ആവേശം അലതല്ലിയ മത്സരത്തില്‍ ടിബിസി കൊച്ചിന്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ താണിയന്‍ രണ്ടാമത് ചെമ്പിലരയന്‍ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം തുരുത്തിപ്പുറം ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിപ്പുറവും, മൂന്നാം സ്ഥാനം തൈക്കൂടം ബോട്ട് ക്ലബിന്റെ പൊഞ്ഞനത്തമ്മയും നേടി. ചെമ്പ് ഗ്രാമപഞ്ചായത്തും ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേന്നാണ് മത്സരം  സംഘടിപ്പിച്ചത്. ചെറുതും വലുതുമായ 20 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുറിഞ്ഞുപുഴയില്‍ നടന്ന വള്ളംകളി മത്സരം കാണാന്‍ നിറുത്താതെ പെയ്ത ചാറ്റല്‍ മഴയെ അവഗണിച്ച് മുറിഞ്ഞുപുഴയിലെ പഴയ പാലത്തിലും മൂവാറ്റുപുഴയാറില്‍ ചെറുവള്ളങ്ങളിലും തീരങ്ങളുടെ ഇരുവശങ്ങളിലുമായി ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ഫൈനലില്‍ ആവേശം അണപൊട്ടി. ആര്‍പ്പുവിളികളോടെയാണ് ജനങ്ങള്‍ ഓരോ മത്സരവും എതിരേറ്റത്.
വള്ളംകളി വൈക്കം വിശ്വന്‍ എക്‌സ്. എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ പോള്‍ എക്‌സ്. എംപി ഫ്ളാഗ് ഓഫ് ചെയ്തു. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കാംകോ ചെയര്‍മാന്‍ സി.കെ ശശിധരന്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, ചെമ്പിലരയന്‍ ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ എസ്.ഡി സുരേഷ് ബാബു, കണ്‍വീനര്‍ കെ.കെ രമേശന്‍, ട്രഷറര്‍ കെ.എസ് രത്‌നാകരന്‍, കുമ്മനം അഷറഫ് എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രമുഖ വ്യവസായി വി.കെ മുരളീധരന്‍, ചെമ്പലിരയന്‍ ബോട്ട് ക്ലബ്ബ് ക്യാപ്റ്റന്‍ കെ.ജെ പോള്‍ എന്നിവര്‍ ചേര്‍ന്നു നല്‍കി.