Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതുചരിത്രം രചിച്ച് വൈക്കം; ജില്ലയിലെ നവകേരളസദസ്സുകള്‍ പൂര്‍ത്തിയായി
14/12/2023
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജില്ലയിലെ തവണക്കടവിലേക്ക് എത്തിക്കുന്നതിനായി വൈക്കത്തുനിന്നും ജങ്കാറില്‍ കയറ്റിയതിന്റെ ആകാശചിത്രം. വൈക്കം ബോട്ട് ജെട്ടിയില്‍ മന്ത്രിമാര്‍ തവണക്കടവിലേക്ക് പോയ സോളാര്‍ ബോട്ടായ ആദിത്യയും കാണാം.

വൈക്കം: വൈക്കം മണ്ഡലത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത നവകേരളസദസോടെ ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളിലേയും നവകേരളസദസ് പൂര്‍ത്തിയായി. വൈക്കത്തെ സദസ് പൂര്‍ത്തിയാക്കി വൈക്കം ബോട്ടുജെട്ടിയില്‍ നിന്നും ബോട്ടിലാണ് ആലപ്പുഴ ജില്ലയിലെ നവകേരളസദസിനായി നീങ്ങിയത്. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് ആദിത്യ സോളാര്‍ ബോട്ടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോയത്. ഒരുമാസത്തോളമായി മന്ത്രിസഭ യാത്ര ചെയ്യുന്ന ബസ് ജങ്കാറിലാണ് തവണക്കടവിലെത്തിച്ചത്.
വാദ്യമേളങ്ങളുടെയും പതിനായിരങ്ങളുടെ ഹര്‍ഷാരവങ്ങളുടെ അകമ്പടിയോടെയാണ് ജില്ലയിലെ അവസാനവേദിയായ വൈക്കത്തെ ബീച്ച് മൈതാനം മന്ത്രിസഭയെ എതിരേറ്റത്. പുസ്തകവും പൂച്ചെണ്ടും നല്‍കി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സദസിലേക്ക് സ്വാഗതം ചെയ്തു. പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നല്‍കി വരവേറ്റപ്പോള്‍ പി കൃഷ്ണപിള്ളയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും ചിത്രങ്ങളാണ് സി.കെ ആശ എംഎല്‍എ മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. നാടകപ്രവര്‍ത്തകന്‍ പ്രദീപ് മാളവികയും മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ലയതരംഗം ടീമിന്റെ ഇന്‍സ്ട്രമെന്റല്‍ ഫ്യുഷന്‍ നവകേരളസദസിന് മുമ്പായി വേദിയില്‍ അവതരിപ്പിച്ചു. 30,000 അടി ചതുരശ്ര വിസ്തീര്‍ണത്തില്‍ ഒരുക്കിയ പന്തലില്‍ 25 പരാതി പരിഹാര കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. രാവിലെ 11 മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കിയാണ് കൗണ്ടറുകള്‍ ഒരുക്കിയത്. 7667 പരാതികളാണ് ലഭിച്ചത്. പരാതിക്കാര്‍ക്ക് രസീത് നല്‍കിയാണ് മടക്കിയത്. പൊതുജനങ്ങള്‍ക്ക് കുടിവെള്ളവും ശൗചാലയ സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മെഡിക്കല്‍, ആബുംലന്‍സ് സേവനങ്ങളും മൈതാനത്ത് ഒരുക്കിയിരുന്നു.