Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്രത്തിന്റേത് സംസ്ഥാനത്തെ മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത നിലപാട്: മുഖ്യമന്ത്രി
14/12/2023
വൈക്കം നിയോജകമണ്ഡലം നവകേരള സദസ് വൈക്കം ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: കഴിഞ്ഞ ഏഴുവര്‍ഷക്കാലത്തെ കണക്കെടുത്താല്‍ കേന്ദ്രത്തില്‍ നിന്നു സംസ്ഥാനത്തിന്റെ കൈയില്‍ എത്തേണ്ട പണത്തില്‍ കുറവുവന്നത് 1,07500 കോടി രൂപയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വൈക്കം നിയോജകമണ്ഡലം നവകേരള സദസ് വൈക്കം ബീച്ചില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്  കടമെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. പക്ഷേ കടമെടുപ്പിന് കേന്ദ്രം ഭരണഘടനാവിരുദ്ധമായ പരിധി വെക്കുകയാണ്. ഇത് സംസ്ഥാനത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 മുതല്‍ 83,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്പ കൃത്യമായി തിരിച്ചടക്കും. വിശ്വാസ്യതയുള്ള ഏജന്‍സി എന്ന നിലയിലാണ്, വലിയ ദുഷ്പ്രചാരണങ്ങള്‍ ഉണ്ടായിട്ടും നല്ല നിലയ്ക്ക് വായ്പകള്‍ എടുക്കാനും കേരളത്തിന് അത് ചെലവഴിക്കാനും കിഫ്ബിയ്ക്ക് കഴിഞ്ഞത്. കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി പരിഗണിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കമ്പനിയുടെ കടവും സംസ്ഥാന കടമായി പരിഗണിക്കും എന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ കയ്യില്‍ ലഭിക്കേണ്ട പണത്തില്‍ വലിയ കുറവ് വരും. ഇത് പ്രതീക്ഷിക്കാവുന്നതിനപ്പുറമുള്ള തുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ നില ശക്തമാണ്. ശക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ നമ്മുടെ ആഭ്യന്തര വരുമാനവും പ്രതിശീര്‍ഷ വരുമാനവും നല്ലതുപോലെ വര്‍ധിച്ചു. എന്നാല്‍ കേന്ദ്രം നല്‍കേണ്ട പണം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നികുതിപ്പണം വീതിക്കുമ്പോള്‍ നമുക്ക് അര്‍ഹതപ്പെട്ടതില്‍ വലിയ കുറവ് വരുത്തുന്നു. സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച് നടപ്പാക്കി വരുന്ന പദ്ധതികളുടെ ചെലവ് സംസ്ഥാനം ചെലവഴിച്ചാലും കുടിശിക തരാതെ കേന്ദ്രം ബോധപൂര്‍വം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ പൊതുവികാരം പ്രകടിപ്പിക്കുന്ന നിലയിലാണ് ജനങ്ങള്‍ ഒന്നാകെ നവകേരള സദസ്സിലേക്ക് ഒഴുകി എത്തുന്നത്. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്ക് നടക്കാന്‍ ആരെയും അനുവദിക്കില്ല എന്നതാണ് നവകേരള സദസ്സിലേക്ക് എത്തിയ ജനം നല്‍കുന്ന സന്ദേശമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, സാംസ്‌കാരിക വകുപ്പ്  മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. മറ്റ് മന്ത്രിമാര്‍, എംപിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ സന്നിഹിതരായിരുന്നു.