Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തരെ ആനന്ദനിര്‍വൃതിയിലാക്കി അഷ്ടമി വിളക്ക്
06/12/2023
അഷ്ടമി വിളക്കിനായി വൈക്കത്തപ്പന്‍ എഴുന്നള്ളിയപ്പോള്‍.

വൈക്കം: ആചാര പ്രകാരം നടന്ന അഷ്ടമി വിളക്ക് ഭക്തരെ ആനന്ദനിര്‍വൃതിയിലാക്കി. ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ വൈക്കത്തപ്പന്റെ തിടമ്പേറ്റി ആര്‍ഭാടങ്ങള്‍ ഇല്ലാതെ കിഴക്കേപന്തലിലേക്ക് എഴുന്നള്ളി. തിരുനക്കര ശിവന്‍, വേമ്പനാട് അര്‍ജുനനന്‍ എന്നീ ഗജവീരന്‍മാര്‍ അകമ്പടിയായി. താരകാസുര നിഗ്രഹത്തിനു ശേഷം രാജകീയ പ്രൗഢിയോടെ ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതി, ശ്രീനാരായണപുരം ദേവന്‍ എന്നിവരോടൊപ്പം വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഗജവീരന്‍ ഗുരുവായൂര്‍ ഇന്ദ്രസെന്‍ ആണ് ഉദയനാപുരത്തിന്റെ തിടമ്പേറ്റിയത്. പന്മന ശരവണന്‍, കുളമാക്കാല്‍ രാജാറാം എന്നീ ഗജവീരന്‍മാര്‍ അകമ്പടിയായി. കൂട്ടുമ്മേല്‍ ക്ഷേത്രത്തില്‍ ഗജവീരന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍, മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ തോട്ടുചാലില്‍ ബോലോനാഥ്, തൃണയംകുടം ക്ഷേത്രത്തില്‍ കുളമാക്കില്‍ ഗണേശന്‍, ഇണ്ടംതുരുത്തില്‍ ക്ഷേത്രത്തില്‍ വേണാട്ടുമറ്റം ശ്രീകുമാര്‍, കിഴക്കുംകാവ് ക്ഷേത്രത്തില്‍ മാവേലിക്കര ഗണപതി, പുഴവായികുളങ്ങര ക്ഷേത്രത്തില്‍ ഈരാറ്റുപേട്ട അയ്യപ്പന്‍, ശ്രീനാരായണപുരം ക്ഷേത്രത്തില്‍ കാഞ്ഞിരക്കാട്ട് ശേഖരന്‍ എന്നീ ഗജവീരന്‍മാര്‍ തിടമ്പേറ്റി. വിജയശ്രീ ലാളിതനായ എത്തിയ  ഉദയനാപുരത്തപ്പനെയും  മറ്റു ദേവീദേവന്‍കരെയും നിറദീപവും നിറപറയും ഒരുക്കിയാണ് വരവേറ്റത്. ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കുമായി വലിയകവല, കൊച്ചാലുംചുവട്, വടക്കേനട എന്നിവിടങ്ങളിലും മൂത്തേടത്തുകാവ് ഭഗവതിയെ തെക്കേനടയിലും ഒരുക്കിയ അലങ്കാര പന്തലുകളിലും എതിരേറ്റു.
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകള്‍ തെക്കേഗോപുരം വഴി ക്ഷേത്രത്തില്‍ പ്രവേശിച്ചു. വടക്കുഭാഗത്തുവച്ച് ഉദയനാപുരത്തെ എഴുന്നള്ളിപ്പിനൊപ്പം ചേര്‍ന്ന് വൈക്കത്തപ്പന്‍ നില്‍ക്കുന്ന കിഴക്കേ ആനപ്പലിലേക്ക് എഴുന്നള്ളി. വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളിയ ഉദയനാപുരത്തപ്പന് പിതാവായ വൈക്കത്തപ്പന്‍ തന്റെ സ്ഥാനം നല്‍കി അനുഗ്രഹിച്ചു. അവകാശിയായ കറുകയില്‍ കുടുംബത്തിലെ കാരണവരായ കിടങ്ങൂര്‍ കൊച്ചുമഠത്തില്‍ ഗോപാലന്‍ നായര്‍ വാദ്യമേളങ്ങളോടെ പല്ലക്കിലെത്തി കാണിക്കര്‍പ്പിച്ചു. യാത്രയയപ്പിന് ശേഷം വിടപറയല്‍ ചടങ്ങും നടന്നു.
ഊഴമനുസരിച്ച് മൂത്തേടത്തുകാവ് ഭഗവതി കൊടിമരച്ചുവട്ടില്‍ വച്ചും പനച്ചിക്കല്‍ നടയില്‍ വച്ചും  വൈക്കത്തപ്പനോടും ഉദയനാപുരത്തപ്പനോടും യാത്ര ചോദിച്ച് തെക്കേഗോപുരം വഴി പുറത്തിറങ്ങി. അവസാനഘട്ടമായി വടക്കേഗോപുരത്തിന് സമീപം നിന്നു വൈക്കത്തപ്പന്‍, ഗോപുരം ഇറങ്ങി പോകുന്ന ഉദയനാപരത്തപ്പന്റെ യാത്ര അടക്കി പിടിച്ച വായ്‌പോടെ നോക്കി നില്‍ക്കുന്ന സമയത്ത് വൈക്കം ഹരിഹരയ്യരും വൈക്കം സുമോദും വിഷാദ രാഗം നാദസ്വരത്തില്‍ ആലപിച്ചതോടെ ഭക്തജനങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അഷ്ടമി ദിനത്തിലെ പൂജകള്‍ പൂര്‍ത്തിയായതോടെ പള്ളിവേട്ടയും പള്ളി കുറുപ്പും നടന്നു.