Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിക്കൊരുങ്ങി ക്ഷേത്രനഗരി
04/12/2023
വൈക്കത്തഷ്ടമിയുടെ പതിനൊന്നാം ഉത്സവദിനത്തില്‍ നടന്ന പ്രഭാത ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമി ദര്‍ശനത്തിന് ഒരുങ്ങി ക്ഷേത്രനഗരി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന്  നട തുറന്നു ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30നാണ് അഷ്ടമി ദര്‍ശനം. മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത്  തപസനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വരന്‍ പാര്‍വതി സമേതനായി ദര്‍ശനം നല്‍കി ദുഃഖ വിമോചനം അഭിഷ്ട വരം കൊടുത്ത് അനുഗ്രഹിച്ച  മുഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനം കൊണ്ടാടുന്നത്. അഷ്ടമി ദര്‍ശനത്തിനായി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തുക. രാവിലെ 10.30 മുതല്‍ വൈകിട്ട് നാലു വരെ ഊട്ടുപുരയുടെ ഇരുനിലകളിലുമായി പ്രാതല്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 70 വയസ് പൂര്‍ത്തിയായവര്‍ക്ക് പ്രാതല്‍ കഴിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. അത്താഴ ഊട്ടിലും നിരവധി ഭക്തര്‍ പങ്കെടുക്കും.
രാത്രി 10നാണ് അഷ്ടമി വിളക്ക്. 11ന്ഉദയനാപുരത്തപ്പന്റെ വരവ്, ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് വലിയ കാണിക്ക, 3.30ന് ഉദയനാപുരന്തപ്പന്റെ യാത്രയയപ്പ്, വൈകിട്ട് ആറിന് വൈക്കത്തപ്പന്റെ ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 11ന് ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കൂടിപ്പൂജയും കൂടിപ്പൂജ വിളക്കും എന്നിവ നടക്കും. ഏഴിന് വൈക്കം ക്ഷേത്രത്തില്‍ മുക്കുടി നിവേദ്യവുമുണ്ട്.

ക്ഷേത്രമുറ്റത്ത് തിരിനാളങ്ങള്‍ തെളിയും

അഷ്ടമി ദിനത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ അഷ്മി വിളക്ക് ചൊവ്വാഴ്ച രാത്രി 10ന് നടക്കും. ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ വൈക്കത്തപ്പന്റെ തിടമ്പേറ്റി ആര്‍ഭാടങ്ങള്‍ ഇല്ലാതെ കിഴക്കേ പന്തലിലേക്ക് എഴുന്നള്ളും. താരകാസുര നിഗ്രഹത്തിനുശേഷം രാജകീയ പ്രൗഢിയോടെ ഉദയനാപുരത്തപ്പനും വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നള്ളും. ഗജവീരന്‍ ഗുരുവായൂര്‍ ഇന്ദ്ര സെന്‍ ഉദയനാപുരത്തിന്റെ തിടമ്പേറ്റും. കൂട്ടുമ്മേല്‍ ഭഗവതി, ശ്രീനാരായണപുരം ദേവന്‍ എന്നിവരോടപ്പം എത്തിചേരുന്ന ഉദയനാപുരത്തപ്പനെ വലിയകവല, കൊച്ചാലുംചുവട്, വടക്കേനട എന്നിവിടങ്ങളില്‍ അലങ്കാര പന്തല്‍ ഒരുക്കി നിറദീപം തെളിയിച്ചു വരവേല്‍ക്കും. വര്‍ണക്കുട, കരിക്കിന്‍കുല, വാഴക്കുല എന്നിവയും പുഷ്പമാല്യങ്ങളും ഒരുക്കിയാണ് ഉദയനാപുരത്തപ്പനെ വരവേല്‍ക്കുന്നത്. നാദസ്വര ചക്രവര്‍ത്തിമാരുടെ കീര്‍ത്തനങ്ങള്‍ എഴുന്നള്ളിപ്പിന്റെ മോഡി വര്‍ധിപ്പിക്കും
മൂത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തില്‍ ഭഗവതി എന്നിവര്‍ക്ക് തെക്കേനടയില്‍ വരവേല്‍പ് നല്‍കും. കിഴക്കുംകാവ് ഭഗവതിയും പുഴവായികുളങ്ങര മഹാവിഷ്ണുവും തെക്കേഗോപുരനടയില്‍ വച്ച് മൂത്തേടത്തുകാവ് ദേവിയോട് ഒന്നിച്ച് നാലമ്പലത്തിന്റെ വടക്കുവശത്ത് എത്തിചേരും. തൃണയം കുടത്തപ്പന്‍ ഉദയനാപുരത്തപ്പനുമായി ഒന്നിച്ച് വടക്കേഗോപുരം വഴി നാലമ്പലത്തിന് വടക്കുഭാഗത്ത് എത്തും. എഴുന്നള്ളിപ്പുകള്‍ ഒരുമിച്ച് വൈക്കത്തപ്പന്‍ എഴുന്നള്ളി നില്‍ക്കുന്ന വ്യഘ്രപാദത്തറയില്‍ എത്തിചേരുന്ന നിമിഷം പിതാവായ വൈക്കത്തപ്പന്‍ തന്റെ സ്ഥാനം പുത്രനു നല്‍കും. ഈ അവസരത്തില്‍ അവകാശിയായ കറുകയില്‍ കുടുബത്തിലെ കാരണവര്‍ ഗോപാലന്‍ നായര്‍ വാദ്യമേളങ്ങളോടെ പല്ലക്കില്‍ എത്തി കാണിക്ക അര്‍പ്പിക്കും. ഒരു പ്രദക്ഷിണത്തിനുശേഷം ദേവീദേവന്‍മാരും പിന്നീട് ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര ചോദിച്ചുപിരിയും. ഈ സമയം ദുഃഖം ദുഖഃകണ്ഠാരം രാഗത്തില്‍ നാദസ്വരം വായിക്കും.

വരവേല്‍പ് പന്തലുകള്‍ ഒരുങ്ങി

വൈക്കം. വൈക്കത്തഷ്ടമി വിളക്കിനായി വരവേല്‍പ് പന്തലുകള്‍ ഒരുങ്ങി. വലിയകവല ഓര്‍ണമെന്റല്‍ ഗേറ്റ്, കൊച്ചാലുംചുവട്, വടക്കേനട എന്നിവിടങ്ങളിലും തെക്കേനടയിലുമാണ് വരവേല്‍പ് പന്തലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുതി ദീപം, ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍, കുരുത്തോല, വാഴക്കുല, കരിക്കിന്‍കുല, മുത്തുക്കുട എന്നിവ കൊണ്ട് പന്തല്‍ അലങ്കരിച്ചിട്ടുണ്ട്. ഉദയനാപുരത്തപ്പനും ഒപ്പം എഴുന്നള്ളുന്ന കൂട്ടുമ്മേല്‍ ഭഗവതി, ശ്രീനാരായണപുരം ദേവന്‍ എന്നിവര്‍ക്കും നല്‍കുന്ന വരവേല്‍പ് അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങാണ്. വലിയ കവല ഓര്‍ണമെന്റല്‍  ഗേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്‍ണമെന്റല്‍ ഗേറ്റിലും, കൊച്ചാലുംചുവട് ഭഗവതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കൊച്ചാലുംചുവട് ഭഗവതിയുടെ സന്നിധാനത്തിലും വടക്കേനടയിലെ അലങ്കാര പന്തലിലുമാണ് വരവേല്‍പ് നല്‍കുക. മൂത്തേടത്തുകാവ് ഭഗവതിയേയും, ഇണ്ടംതുരുത്തില്‍ ഭഗവതിയേയും വരവേല്‍ക്കുന്നതിനുള്ള തെക്കേനടയിലെ അലങ്കാര പന്തലിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. എല്ലായിടത്തും അന്നദാനവും ഒരുക്കിയിട്ടുണ്ട്.

വലിയകാണിക്ക സമര്‍പ്പണം

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ വലിയകാണിക്ക സമര്‍പ്പണം അഷ്ടമി വിളക്ക് കഴിഞ്ഞു പുലര്‍ച്ചെ രണ്ടിന് നടക്കും. വലിയ കാണിക്ക സമര്‍പ്പണം. അവകാശികളായ കറുകയില്‍ കൈമള്‍മാരില്‍പെട്ട ഗോപാലന്‍ നായരാണ് കാണിക്ക സമര്‍പ്പിക്കുന്നത്. ഒരു സ്വര്‍ണ ചെത്തിപ്പൂവും നാണയങ്ങളുമാണ് ആദ്യ കാണിക്കയായി സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് ഭക്തജനങ്ങള്‍ കാണിക്ക സമര്‍പ്പിക്കും. വൈക്കത്തപ്പന് ആദ്യ കാണിക്ക സമര്‍പ്പിക്കാന്‍ കിടങ്ങൂര്‍ കൊച്ചുമഠത്തില്‍ ഗോപലന്‍ നായര്‍ ഇന്ന് ഉച്ചക്ക് വൈക്കത്തെത്തും. 26-ാം വര്‍ഷമാണ് ഗോപാലന്‍ നായര്‍ക്ക് കാണിക്ക അര്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്.

ശ്രീബലി ദര്‍ശനത്തിന് ആയിരങ്ങള്‍

വൈക്കം: വൈക്കത്തഷ്ടമിയുടെ പതിനൊന്നാം ഉത്സവ ദിനത്തില്‍ നടന്ന ശ്രീബലി ദര്‍ശിക്കാന്‍ ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തി. ഗജവീരന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. പത്ത് ഗജവീരന്‍മാര്‍ അകമ്പടിയായി. വൈകിട്ട് നടന്ന കാഴ്ച ശ്രീബലിക്ക് ഗജവീരന്‍ പല്ലാട്ട് ബ്രഹ്‌മദത്തനും വിളക്കിന് തോട്ടോചാലില്‍ ബോലോ നാഥും വൈക്കത്തപ്പന്റെ തിടമ്പേറ്റി