Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസ് ആര്‍.എസ്.എസ് കാര്യാലയമാക്കുന്ന യൂണിയന്‍ നേതാക്കള്‍ക്കെതിരെ ശ്രീനാരായണീയര്‍ പ്രതികരിക്കണം
04/05/2016

എസ്.എന്‍.ഡി.പി വൈക്കം യൂണിയന്‍ ഓഫീസ് ആര്‍.എസ്.എസ് കാര്യാലയമാക്കാന്‍ യൂണിയന്‍ നേതൃത്വം കൂട്ടുനില്‍ക്കുകയാണെന്ന് എല്‍.ഡി.എഫ് നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മിററി പ്രസിഡന്റ് അഡ്വ: പി.കെ ഹരികുമാര്‍, സെക്രട്ടറി ടി.എന്‍ രമേശന്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ ആരോപിച്ചു.
യൂണിയന്‍ ഓഫീസിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ പ്രചരണത്തിനുള്ള സാമഗ്രികള്‍ ശേഖരിച്ചിരിക്കുന്നത്. യൂണിയന്റെ വക സ്‌ക്കൂള്‍ ബസുകളും മററ് വാഹനങ്ങളും ഇലക്ഷന്‍ ആവശ്യത്തിന് ഉപയോഗിക്കുന്നു. സമുദായസംഘടനയുടെ തലപ്പത്ത് കയറി ഇരുന്നുകൊണ്ട് അധികാരദുര്‍വിനിയോഗമാണ് യൂണിയന്‍ പ്രസിഡന്റും സെക്രട്ടറിയും നടത്തുന്നത്. ആര്‍.എസ്.എസും ബി.ജെ.പിയും യൂണിയന്‍ ഓഫീസ് കയ്യടക്കിയിരിക്കുകയാണ്. എസ്.എന്‍.ഡി.പി ഹാള്‍ ഇലക്ഷന്‍ ആവശ്യത്തിന് ദുര്‍വിനിയോഗം നടത്തുകയാണ്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ഇക്കൂട്ടര്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. എസ്.എന്‍.ഡി.പി യൂണിയനില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ അംഗങ്ങളാണ്. എന്നാല്‍ എന്‍.ഡി.എയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ശാഖാ ഭാരവാഹികളെ നിര്‍ബന്ധിക്കുകയാണ്. ജനാധിപത്യവിരുദ്ധമാണ് ഈ നിലപാട്. സമുദായസംഘടനയുടെ ഭദ്രതക്കും കെട്ടുറപ്പിനും കോട്ടം വരുത്തുന്ന നടപടിയാണിത്.
വെള്ളാപ്പള്ളി നടേശനും ചിലയാളുകളും ചേര്‍ന്ന് ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടി ഉണ്ടാക്കി, വര്‍ഗീയ ഫാസിസ്റ്റ് പ്രസ്ഥാനമായ ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും കേരളത്തില്‍ കടന്നുവരാന്‍ പാലം പണിയുകയാണ്. ആര്‍.എസ്.എസും ബി.ജെ.പിയും പിന്നോക്ക-ദളിത് ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും എതിരായിട്ടുള്ള നിലപാടേ എന്നും സ്വീകരിച്ചിട്ടുള്ളൂ. നമ്മുടെ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ സത്പാരമ്പര്യങ്ങള്‍ക്കും എസ്.എന്‍.ഡി.പി യോഗം തന്നെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ആദര്‍ശങ്ങള്‍ക്കും എതിരായിട്ടുള്ള നിലപാടാണ് യൂണിയന്‍ നേതൃത്വം സ്വീകരിക്കുന്നതെന്ന് ബോധ്യപ്പെട്ടുകൊണ്ട് ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ ശ്രീനാരായണീയര്‍ മുന്നോട്ടുവരണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.