Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരത്ത് തൃക്കാര്‍ത്തിക ദര്‍ശനം ഭക്തിനിര്‍ഭരം
27/11/2023
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനത്തിനായി നട തുറന്നപ്പോള്‍.

വൈക്കം: ഹരഹര ജപത്തോടെ എത്തിയ നൂറുകണക്കിന് ഭക്തര്‍ ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനം തൊഴുതു. വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പോയതിനു ശേഷം നടന്ന വിശേഷാല്‍ ചടങ്ങിന് ശേഷമാണ് തൃക്കാര്‍ത്തിക ദര്‍ശനത്തിനായി നട തുറന്നത്. തൃക്കാര്‍ത്തിക ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രത്തില്‍ നടത്തിയ പ്രസാദഊട്ടിലും ആയിരങ്ങള്‍ പങ്കെടുത്തു.
ആചാരപെരുമയോടെ നടന്ന വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പിന് പ്രഭാത പൂജകള്‍ക്കുശേഷം ഉദയനാപുരത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. വേമ്പനാട് വാസുദേവ് ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. കൂട്ടുമ്മേല്‍ ക്ഷേത്രം ഇത്തിപ്പുഴ കൊട്ടാരം എന്നിവിടങ്ങളില്‍ ഇറക്കി പൂജ നടത്തി ചെമ്പ് വരെ പോയ എഴുന്നള്ളിപ്പ് അവിടെ വെച്ച് കമഴ്ത്തി പിടിച്ച് ശംഖ് ഊതി തിരിച്ചു യാത്രയായി.
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിക്കുന്ന ആറാട്ടും കൂടിപ്പൂജയും ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്കു ശേഷമാണ് ആറാട്ടെഴുന്നള്ളിപ്പ്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്.