Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: ആചാരപ്രകാരം കൊടിയേറ്ററിയിപ്പ് നടത്തി
23/11/2023
വൈക്കത്തഷ്ടമിയുടെ കൊടിയേറ്ററിയിപ്പ് ഇണ്ടംതുരുത്തി മനയില്‍ എത്തിയപ്പോള്‍ ശബരിമല മുന്‍മേല്‍ശാന്തിമാരായ വി നീലകണ്ഠന്‍ നമ്പൂതിരിയും വി മുരളീധരന്‍ നമ്പൂതിരിയും മുന്‍ മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരിയും ചേര്‍ന്നു സ്വീകരിക്കുന്നു.

വൈക്കം: ആചാരപെരുമയോടെ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ കൊടിയേറ്ററിയിപ്പ് നടത്തി. ക്ഷേത്രത്തിലെ വിശേഷാല്‍ ചടങ്ങുകള്‍ക്കുശേഷം ആചാരപ്രകാരം അവകാശിയായ കിഴക്കേടത്ത് ഇല്ലത്തെ വിഷ്ണു മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിയേറ്ററിയിപ്പിനായി പുറപ്പെട്ടു. ആദ്യം അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തിലും തുടര്‍ന്ന് ഇണ്ടംതുരത്തി ദേവി ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറ്റ് അറിയിച്ചു. ഗജരാജന്‍ തിരുനക്കര ശിവന്‍ ആണ് കൊടിയേറ്ററിയിപ്പിന് എഴുന്നള്ളിയത്.
ഇണ്ടംതുരുത്തി മനയില്‍ കുടുംബാംഗങ്ങള്‍ കൊടിയേറ്ററിയിപ്പിന് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. കുടുംബാംഗങ്ങള്‍ മുന്‍ശബരിമല മേല്‍ശാന്തിമാരായ ഇണ്ടംതുരുത്തി വി.നീലകണ്ഠന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി വി.മുരളീധരന്‍ നമ്പൂതിരി, മുന്‍മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി എന്നിവരും കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും എഴുന്നള്ളിപ്പിനെ വരവേറ്റു. അഷ്ടമി ഉത്സവത്തിന്റെ കൊടിയേറ്റിന്റെ മുഹൂര്‍ത്തം തലേദിവസം ആനപ്പുറത്ത് ചെന്ന് ഊരാഴ്മക്കാരായ ഇല്ലങ്ങളിലും ഉദയനാപുരം ക്ഷേത്രത്തിലും അനുഷ്ഠാനങ്ങളോടെ അറിയിക്കണമെന്നാണ് ചട്ടം. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ അറിയിപ്പ് വൈക്കത്തും നടത്തണമെന്നും ആചാരമുണ്ട്. രാജഭരണകാലം മുതലുള്ള  ചടങ്ങ് ഇന്നും തനിമകെടാതെയാണ് നടന്നുവരുന്നത്.