Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം പാലം നിര്‍മാണം പുരോഗമിക്കുന്നു; മുകള്‍ തട്ട് വാര്‍ക്കല്‍ ആരംഭിച്ചു
23/11/2023
ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലത്തിന്റെ മേല്‍തട്ട് വാര്‍ക്കല്‍ ആരംഭിച്ചപ്പോള്‍ നിര്‍മാണ പുരോഗതി സി.കെ ആശ എംഎല്‍എയുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലത്തിന്റെ മുകള്‍ തട്ട് വാര്‍ക്കല്‍ ആരംഭിച്ചു. പാലം നിര്‍മാണം പൂര്‍ത്തീകരണത്തോട് അടുക്കുമ്പോള്‍ കാലങ്ങളായുള്ള അക്കരപ്പാടം നിവാസികളുടെ സ്വപ്നമാണ് സഫലമാകാന്‍ പോകുന്നത്. വാര്‍ക്കല്‍ തുടങ്ങിയതിന്റെ ആഹ്ലാദം പങ്കുവച്ച് പാലം നിര്‍മാണ കമ്മിറ്റി നാട്ടുകാര്‍ക്ക് മധുരം വിതരണം ചെയ്തു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 15.5 കോടി രൂപ വിനിയോഗിച്ചാണ് നാനാടം-അക്കരപ്പാടം ഭാഗങ്ങളെ ബന്ധിപ്പിച്ചു മൂവാറ്റുപുഴയാറിനു കുറുകെ 150 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കുന്നത്. പാലത്തിന് അഞ്ചു സ്പാനുകളാണുള്ളത്. ഇതില്‍ മുന്നെണ്ണം 30 മീറ്റര്‍ അകലത്തിലാണ്. രണ്ടറ്റത്തുമുള്ള സ്പാനുകള്‍ക്ക് 29.5 മീറ്റര്‍ നീളമുണ്ട്. ഇതില്‍ പടിഞ്ഞാറെ അറ്റത്തുള്ള സ്പാനിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ് ഇപ്പോള്‍ വാര്‍ക്കുന്നത്. പാലൊളി മുഹമ്മദ്കുട്ടി പിഡബ്ല്യുഡി മന്ത്രിയായിരുന്ന കാലത്താണ് പാലത്തിന് തറക്കല്ലിട്ടത്. പിന്നീടാണ് റോഡിന് എട്ടു മീറ്ററായി വീതി വര്‍ധിപ്പിച്ചത്. 2.75 മീറ്റര്‍ വീതിയുണ്ടായിരുന്ന അക്കരപ്പാടം-കൂട്ടുങ്കല്‍ റോഡിന്റെ വീതി നാലു മീറ്ററായി വര്‍ധിപ്പിച്ചു. നാനാടം മുതല്‍ കടത്തുകടവുവരെയുള്ള പൊളിച്ച മതിലുകള്‍ ജനങ്ങള്‍ നല്‍കിയ പണം കൊണ്ട് പുനര്‍നിര്‍മിച്ചു. തുടര്‍ന്നാണ് പാലം പണിയുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. ജനപ്രതിനിധികളുടെ നിര്‍ലോഭമായ ഇടപെടലും സഹകരണവും മൂലമാണ് തടസങ്ങളെ അതിജീവിച്ച് പാലം യാഥാര്‍ഥ്യമാകുന്നത്. കടത്തുവള്ളത്തെ ആശ്രയിച്ച് പുറം ലോകത്തെത്തിയിരുന്ന അക്കരപ്പാടം നിവാസികളുടെ പാലമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതോടെ ദീര്‍ഘകാലമായുള്ള യാത്രാദുരിതത്തിന് അറുതിയാകും. സമയബന്ധിതമായി തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.