Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐതിഹ്യപെരുമയില്‍ വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കല്‍
21/11/2023
വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കല്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ബി മുരാരി ബാബു നിര്‍വഹിക്കുന്നു.

വൈക്കം: ആചാരതനിമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ കോപ്പുതൂക്കല്‍  നടന്നു. ക്ഷേത്രകലവറയില്‍ നിറദീപം തെളിയിച്ച് തുശനിലയില്‍ പൂവന്‍പഴം സമര്‍പ്പിച്ച ശേഷമാണ് കോപ്പുതുക്കല്‍ നടത്തിയത്. അഷ്ടമിയ്ക്കും സന്ധ്യവേലക്കും മുന്നോടിയായായി ആചാരതനിമയോടെ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങള്‍ക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കല്‍. വൈക്കത്തപ്പനും ഉപദേവതമാര്‍ക്കും വിശേഷാല്‍ വഴിപാട് നടത്തിയ ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി കമ്മീഷണര്‍ ബി മുരാരി ബാബു ക്ഷേത്രത്തിലെ അടിയന്തരങ്ങള്‍ക്ക് ആവശ്യമായ സാധനങള്‍ അളന്നു തൂക്കി അക്കൗണ്ടന്റ് വിനീതിനെ എല്‍പിച്ചു. പ്രതീകാത്മകമായി മംഗളവസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്ന് എല്‍പിച്ചതോടെ ചടങ്ങുകള്‍ക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്രകാര്യക്കാരന്‍  എറ്റുവാങ്ങുന്നതായാണ് വിശ്വാസം.  
ചടങ്ങില്‍ അസി. കമ്മീഷണര്‍ കെ ഇന്ദുകുമാരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് നാരായണന്‍ നായര്‍ ഓണാട്ട്, സെക്രട്ടറി കെ വിനോദ് കുമാര്‍, ഭാരവാഹികളായ പി.വി രാജേന്ദ്രപ്രസാദ്, എസ് ആനന്ദകുമാര്‍, ഉഷാ നായര്‍, ഓമന മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
വൈക്കത്തഷ്ടമിയുടെ  കൊടിയേറ്റ് വെള്ളിയാഴ്ച രാവിലെ 8.45നും 9.05നും ഇടയില്‍ നടക്കും. ഡിസംബര്‍ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.