Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കന്ദഷഷ്ഠി: ഉദയനാപുരം ക്ഷേത്രത്തില്‍ കാവടികള്‍ അഭിഷേകം ചെയ്തു
18/11/2023
ഉദയനാപുരം ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് ഉദയനാപുരം ശ്രീമുരുക കാവടി സമാജത്തിന്റെ നേതൃത്വത്തില്‍ പാല്‍ക്കാവടികള്‍ അഭിഷേകത്തിനായി ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി വ്രതം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് നിരവധി കേന്ദ്രങ്ങളില്‍ നിന്നും കാവടികള്‍ അഭിഷേകത്തിനായി എഴുന്നള്ളിച്ചു. പുലര്‍ച്ചെ 4.30 മുതല്‍ നൂറുകണക്കിന് കാവടികളാണ് അഭിഷേകത്തിന് എത്തിയത്. കാവടി സമാജങ്ങളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തില്‍ കൂട്ടക്കാവടിയും ഭക്തര്‍ നടത്തുന്ന ഒറ്റക്കാവടികളും ക്ഷേത്രത്തിലെത്തി. ക്ഷേത്രമതിലിനകത്ത് താളവാദ്യമേളങ്ങളുടെ അകമ്പടിയില്‍ കാവടികള്‍ ആടി. ഉദയനാപുരം എസ്.എന്‍.ഡി.പി യോഗം ഇരുമ്പൂഴിക്കര ശാഖാ ഗ്രൗണ്ടില്‍ നിന്നും ശ്രീമുരുക കാവടി സമാജത്തിന്റെ നേതൃത്വത്തില്‍ നിരവധി പാല്‍ക്കാവടികള്‍ അഭിഷേകത്തിനായി ഉദയനാപുരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. പമ്പമേളത്തിന്റെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ കാവടികള്‍ നിരത്തുകളില്‍ പീലിവിടര്‍ത്തിയാടി. സമാജം പ്രസിഡന്റ് കെ.ബി ബാബു, സെക്രട്ടറി എ.ശിവന്‍, ട്രഷറര്‍ കൃഷ്ണന്‍ മൂന്നാംകര എന്നിവര്‍ നേതൃത്വം നല്‍കി. സതീഷ് പോറ്റി, ശിവദാസന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ കാവടിപൂജ നടത്തി.