Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം തന്തൈ പെരിയോര്‍ സ്മാരക നവീകരണം: നിര്‍മാണജോലികള്‍ അന്തിമഘട്ടത്തില്‍
16/11/2023
വൈക്കം വലിയകവലയിലെ തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ സ്മാരക നവീകരണ ജോലികള്‍ തമിഴ് നാട് പിഡബ്ല്യുഡി മന്ത്രി ഇ.വി വേലുവിന്റെ നേതൃത്വത്തില്‍ വിലയിരുത്തുന്നു.

വൈക്കം: വലിയകവലയിലെ തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ സ്മാരക നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി വേലു. പെരിയോര്‍ സ്മാരകത്തിലെ നിര്‍മാണജോലികള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് 8.14 കോടി മുതല്‍ മുടക്കിയാണ് സ്മാരകം നവീകരിക്കുന്നത്. പെരിയോറുടെ ജീവചരിത്രവും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനിലയാക്കുന്ന പണികളെല്ലാം ഏറെക്കുറേ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
താഴത്തെ നിലയില്‍ മ്യൂസിയവും മുകളിലത്തെ നിലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമാകും പ്രവര്‍ത്തിക്കുക. രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്കു മുന്നിലായി വലിയ കവാടവും നിര്‍മിച്ചിട്ടുണ്ട്. ഓപ്പണ്‍ സ്റ്റേജിന് മുകളില്‍ റൂഫ് ചെയ്യും. ഇതിനു സമീപത്തെ പുതിയ കെട്ടിടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുക. കുട്ടികള്‍ക്കായി പാര്‍ക്കും അതോടൊപ്പം ഉദ്യാനവും ഒരുക്കും. പെരിയോറുടെ ജീവചരിത്രം, സമര ചരിത്രം, പ്രധാന നേതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, പെരിയാറുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും നവീകരിക്കുന്ന സ്മാരകത്തില്‍ സൂക്ഷിക്കാനും സൗകര്യമുണ്ടാകും.  ചന്ദ്രമോഹന്‍ ഐഎഎസ്, എഞ്ചിനീയറിങ് ചീഫ് സത്യമൂര്‍ത്തി, സ്‌പെഷ്യല്‍ ചീഫ് എഞ്ചിനീയര്‍ സത്യവാഗീശ്വരന്‍, ലെയ്‌സണ്‍ ഓഫീസര്‍ ആര്‍ ഉണ്ണികൃഷ്ണന്‍, ഡിഎംകെ സംസ്ഥാന പ്രസിഡന്റ് മൂന്നാര്‍ മോഹന്‍ദാസ്, ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജനാര്‍ദ്ദനന്‍, ഡിഎംകെ എഞ്ചിനീയറിങ് വിങ് സംസ്ഥാന സെക്രട്ടറി കെ.എന്‍ അനില്‍ കുമാര്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.