Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാട്ടര്‍ അതോറിട്ടിയുടെ അനാസ്ഥ; പ്രതിഷേധ സമരവുമായി മറവന്‍തുരുത്ത് പഞ്ചായത്ത്
15/11/2023
വാട്ടര്‍ അതോറിട്ടി പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കി ചെമ്മനാകരി കൃഷ്ണപിള്ള ജങ്ഷന്‍ റോഡ് ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറാത്തതില്‍ പ്രതിഷേധിച്ച് വാട്ടര്‍ അതോറിട്ടി ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയശേഷം മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അസി. എക്‌സി. എഞ്ചിനീയറുമായി ചര്‍ച്ച നടത്തുന്നു.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ ചെമ്മനാകരി കൃഷ്ണപിള്ള ജങ്ഷന്‍-കുളങ്ങര ജെട്ടി റോഡിലെ പൈപ്പ് ഇടല്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി എത്രയും വേഗം ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങള്‍ വൈക്കത്തെ വാട്ടര്‍ അതോറിട്ടി ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ടോള്‍-ചെമ്മനാകരി റോഡില്‍ പി കൃഷ്ണപിള്ള ജങ്ഷന്‍ മുതല്‍ കുളങ്ങര പഴയജെട്ടി വരെയുള്ള റോഡിനായി സര്‍ക്കാര്‍ അനുവദിച്ച 85 ലക്ഷം രൂപ വിനിയോഗിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗമാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തേണ്ടത്. 2024 മാര്‍ച്ച് 31ന് അവസാനിക്കുന്ന പദ്ധതിക്കായി 30നകം വാട്ടര്‍ അതോറിട്ടി റോഡ് ഹാര്‍ബര്‍ എഞ്ചിനീയറിങ്ങിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ വാട്ടര്‍ അതോറിട്ടി കുടിവെള്ള പദ്ധതിക്കായി നടത്തുന്ന നിര്‍മാണ ജോലികള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കരാറുകാരന്‍ ഇടക്കുവെച്ച് പണി നിര്‍ത്തുക കൂടി ചെയ്തതോടെ റോഡ് നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം.
ചെമ്മനാകരി മേഖലയിലെ പുതിയ കുടിവെള്ള പദ്ധതിക്കായി ആശുപത്രി മുതല്‍ കൃഷ്ണപിള്ള ജങ്ഷന്‍ വരെ പൈപ്പ് സ്ഥാപിക്കുന്നതിനായി രണ്ടുതവണയാണ് റോഡ് കുത്തിപ്പൊളിച്ചത്. ഇതോടെ ഇതുവഴിയുള്ള കാല്‍നട യാത്രപോലും അസാധ്യമായി. റോഡ് തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായതോടെയാണ് പഞ്ചായത്ത് അംഗങ്ങള്‍ സമരവുമായി രംഗത്തുവന്നത്.
സമരത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ചക്കകം റോഡ് നിര്‍മാണം പുനരാരംഭിക്കുമെന്ന് വാട്ടര്‍ അതോറിട്ടി അസി. എക്‌സി. എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിച്ചു. റോഡ് നിര്‍മാണം നീണ്ടുപോയാല്‍ ജനങ്ങളെ അണിനിരത്തി വാട്ടര്‍ അതോറിട്ടി ഓഫീസിനുമുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി സുരേഷ് കുമാര്‍, ബി ഷിജു സീമാ ബിനു, ബിന്ദു പ്രദീപ്, പി പ്രീതി, പ്രമീള രമണന്‍, മജിത ലാല്‍ജി, കെ.എസ് ബിജുമോന്‍, മോഹന്‍ കെ തോട്ടുപുറം, കെ അനിരുദ്ധന്‍, സിപിഎം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, ലോക്കല്‍ സെക്രട്ടറി എസ് ആരുണ്‍ കുമാര്‍, സിപിഐ ലോക്കല്‍ അസി. സെക്രട്ടറി എ അന്‍വര്‍, കുലശേഖരമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ നാസര്‍ എന്നിവര്‍ പങ്കെടുത്തു.
ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനായി മറവന്‍തുരുത്ത് പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് വിട്ടുനല്‍കിയ ടോള്‍-ചെമ്മനാകരി റോഡിലും വാട്ടര്‍ അതോറിട്ടി പൈപ്പ് ഇടല്‍ പൂര്‍ത്തിയാക്കി പിഡബ്ല്യുഡിയ്ക്ക് കൈമാറേണ്ടതുണ്ട്. പൈപ്പ് സ്ഥാപിക്കല്‍ ജോലികള്‍ ഇഴയുന്നതുമൂലം ടോള്‍-ചെമ്മനാകരി റോഡ് നിര്‍മാണവും പൂര്‍ണതോതില്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.