Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി ആലോചനായോഗം ചേര്‍ന്നു
14/11/2023
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന വൈക്കത്തഷ്ടമിയുടെ ആലോചനയോഗത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രസംഗിക്കുന്നു.

ലഹരി വ്യാപനം തടയാന്‍ പോലീസും എക്‌സൈസും പരിശോധന ശക്തമാക്കണം: മന്ത്രി വി.എന്‍ വാസവന്‍

വൈക്കം: എഴുപതു വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അഷ്ടമി ഉത്സവത്തിന്റെ അവസാന മൂന്നു ദിവസം ക്ഷേത്ര ദര്‍ശനത്തിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്താന്‍ സി.കെ ആശ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈക്കത്തഷ്ടമിയുടെ ആലോചനയോഗം തീരുമാനിച്ചു. ഉത്സവകാലത്ത് ലഹരി വ്യാപനം തടയുന്നതിന് പോലീസും എക്‌സൈസും സംയുക്ത പരിശോധന നടത്തണമെന്ന് സാംസ്‌കാരിക വകുപ്പ് യോഗത്തില്‍ പങ്കെടുത്ത മന്ത്രി വി.എന്‍ വാസവന്‍ നിര്‍ദേശിച്ചു. ക്ഷേത്രത്തിലെയും നഗരത്തിലെയും മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ക്ഷേത്ര സുരക്ഷക്കായി പോലീസിന്റെ നിര്‍ദേശപ്രകാരം നാലു റൊട്ടേറ്റ് ക്യാമാറകള്‍ ഉള്‍പ്പെടെ 34 സ്ഥിരം ക്യാമറകള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുണ്ടന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജി മുരാരി ബാബു പറഞ്ഞു. എഴുന്നളളിപ്പുകള്‍ക്കും ഭക്തരുടെ വിശ്രമത്തിനുമായി ക്ഷേത്രത്തില്‍ ഒരുക്കുന്ന താത്കാലിക പന്തലിന്റെയും ബാരിക്കോഡുകളുടെയും അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ജില്ലാ ഭരണകൂടം, പോലീസ് കണ്‍ട്രോള്‍ റൂം, മെഡിക്കല്‍ വിഭാഗം എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അഷ്ടമിയുടെ അവസാന മൂന്നു ദിവസം വൈക്കം-തവണക്കടവ് ഫെറിയില്‍ അധിക ബോട്ട് സര്‍വീസും നടത്തും. ബോട്ട് ജെട്ടികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. റെസ്‌ക്യു ബോട്ടും ഉണ്ടാകും.
പൊതുമരാമത്ത് റോഡുകളുടെ അറ്റക്കുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ലീഗല്‍ മെട്രോളജി വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും കര്‍ശന പരിശോധന നടത്തും. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും. വൈദ്യുതി മുടങ്ങാതിരിക്കാന്‍ കെഎസ്ഇബി  മുന്‍കരുതലെടുക്കും. സ്‌കൂബ ടീം ഉള്‍പ്പടെ അഗ്‌നി രക്ഷാസേനയും എക്‌സൈസും രംഗത്ത് ഉണ്ടാകും.
ക്ഷേത്രത്തിലും പരിസരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 450 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ക്ഷേത്രത്തിനുള്ളില്‍ എലെഫന്റ് സ്‌ക്വാഡും നിരീക്ഷണം നടത്തും. ക്ഷേത്രവും പരിസരവും മാലിന്യമുക്തമാക്കുന്നതിനായി ഹരിതകര്‍മ സേനാംഗങ്ങള്‍ക്കൊപ്പം കുടുംബശ്രീ സിഡിഎസ് അംഗങ്ങളെയും വിന്യസിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. കായലോര ബീച്ചില്‍ ബാരിക്കേഡ് സംവിധാനം ഉണ്ടാകും. നഗരത്തില്‍ ഇ-ടോയ്‌ലറ്റ് സംവിധാനം ഒരുക്കും. ഗതാഗത പാര്‍ക്കിങ് സംവിധാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എംഎല്‍എ, പൊലീസ്, ദേവസ്വം ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ യോഗം ചേരും. ക്ഷേത്രത്തിലെയും മറ്റു കുടിവെള്ള സ്രോതസുകളിലെയും ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പാലാ ആര്‍ഡിഒ പി.ജി രാജേന്ദ്രബാബു, തഹസില്‍ദാര്‍ ഇ.എം റെജി, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, എ എസ് പി നിഖില്‍ രാജേന്ദ്രദേശമുഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ദേവസ്വം ബോര്‍ഡ് അധികൃതര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.