Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൈകാലുകള്‍ ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കയറി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി
13/11/2023
ഇരുകൈകാലുകളും ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കയറിയ ലയ ബി.നായരെ വൈക്കം കായലോര ബീച്ചില്‍ സി.കെ ആശ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.  

വൈക്കം: ഇരുകൈകാലുകളും ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തി കീഴടക്കി പന്ത്രണ്ടുകാരി. കോതമംഗലം സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ലയ ബി.നായരാണ് ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തി കയറിയത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്ന് വൈക്കം കായലോര ബീച്ചിലേക്കുള്ള നാലര കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 13 മിനിട്ടുകൊണ്ടാണ് ലയ കീഴടക്കിയത്. കഴിഞ്ഞവര്‍ഷം ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടുകായല്‍ നീന്തി കടന്ന് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു കൈകാലുകളും ബന്ധിച്ച് നീന്തിക്കടക്കാന്‍ ലയ തയ്യാറായത്. കായലിലെ നേരിയ അടി ഒഴുക്കിനെയും ഒഴുകി പരന്നുകിടക്കുന്ന പോള പായലിനെയും അതിജീവിച്ചാണ് ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത്. കഴിഞ്ഞ തവണ കൈള്‍ ബന്ധിച്ചു നീന്തിയപ്പോള്‍ ലയ ഒരു മണിക്കൂര്‍ 16 മിനിട്ടിലാണ് ലക്ഷ്യം കൈവരിച്ചതെങ്കില്‍ ഇക്കുറി കൈകാലുകള്‍ ബന്ധിച്ചു നീന്തിയപ്പോള്‍ വൈക്കം തീരത്തെത്താന്‍ ഒരു മണിക്കൂര്‍ 13 മിനിട്ടേ വേണ്ടി വന്നുള്ളു. നീന്തല്‍ പരിശീലകനായ ബിജു തങ്കപ്പന്റെയും വാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടെയും മകള്‍ ലയ ബി.നായര്‍. ഇന്നലെ രാവിലെ 8.30 ന് തവണകടവില്‍ നിന്നാരംഭിച്ച നീന്തല്‍ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷെര്‍ലി ഭാര്‍ഗവന്‍, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ രജിത എന്നിവര്‍ പങ്കെടുത്തു. വൈക്കം കായലോര ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ലയയെ സി.കെ ആശ എംഎല്‍എ, ആന്റണി ജോണ്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ലോക റെക്കോര്‍ഡിലിടം പിടിച്ച ലയയെ വൈക്കം നഗരസഭ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. കായലോര ബീച്ചില്‍ നടന്ന അനുമോദന സമ്മേളനം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എംഎല്‍എ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത്, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍, സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ റിനി മരിയ, നഗരസഭ കൗണ്‍സിലര്‍മാരായ ബിന്ദു ഷാജി, എബ്രഹാം പഴയകടവന്‍, മുന്‍ കൗണ്‍സിലര്‍ ജയ്‌ജോണ്‍, ജീവന്‍ ശിവറാം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ശിഹാബുദ്ദീന്‍ സൈനു, മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.