Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിയുടെ നിറവില്‍ വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളില്‍ കൊടിക്കൂറ സമര്‍പ്പണം
13/11/2023
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവത്തിന് കൊടിയേറ്റാനുള്ള കൊടിക്കൂറ ക്ഷേത്രനടയില്‍ സമര്‍പ്പിക്കുന്നു.

വൈക്കം: ആചാരപെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനും കൊടിയേറ്റാനുള്ള കൊടിക്കൂറ സമര്‍പ്പണം നടന്നു. ആദ്യം ഉദയനാപുരം ക്ഷേത്രത്തിലും തുടര്‍ന്ന് വൈക്കം ക്ഷേത്രത്തിലും കൊടിക്കൂറ സമര്‍പ്പിച്ചു. എക്‌സ്‌ലന്‍ഡ് കോച്ചിങ് സെന്റര്‍ ഉടമ വൈക്കപ്രയാര്‍ ആലുങ്കല്‍ പ്രതാപചന്ദ്രന്‍ ആണ് ഇരുക്ഷേത്രങ്ങളിലും കൊടിക്കൂറ വഴിപാടായി സമര്‍പ്പിച്ചത്. ഇരു ക്ഷേത്രങ്ങളിലെയും കിഴക്കേ ഗോപുരനടയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിക്കൂറ എഴുന്നള്ളിച്ച് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കൊടിമരച്ചുവട്ടില്‍ സമര്‍പ്പണം. ഉദയനാപുരം ക്ഷേത്രത്തില്‍ വാതുക്കോട്ടില്ലത്ത് ഹരിയും വൈക്കം ക്ഷേത്രത്തില്‍ കിഴക്കേടത്ത് ശങ്കരന്‍ മൂസതും  കൊടിക്കൂറ ഏറ്റുവാങ്ങി ദേവസ്വം ഭാരവാഹികളെ എല്‍പിച്ചു. വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു, ഉദയനാപുരം സബ് ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണു കെ ബാബു എന്നിവരും, ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉപദേശക സമിതി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
ശബരിമല ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളില്‍ കൊടിക്കൂറ നിര്‍മിച്ചിട്ടുള്ള സാജന്‍ വൈക്കത്തും ഉദയാനപുരത്തും കൊടിക്കൂറ ഉണ്ടാക്കിയത്. വൈക്കം ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് 24ന് കൊടിയേറും. ഡിസംബര്‍ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറിന് ഉദയനാപുരം ക്ഷേത്രത്തില്‍ നടക്കുന്ന ആറാട്ട് കൂടി പൂജയോടെ ഉത്സവം സമാപിക്കും. ഉദയനാപുരം ക്ഷേത്രത്തില്‍ നവംബര്‍ 19ന് കൊടിയേറി 27ന് തൃക്കാര്‍ത്തിക ആഘോഷിക്കും. 28ന് വൈക്കം ക്ഷേത്രത്തില്‍ നടക്കുന്ന ആറാട്ട് കൂടി പൂജയോടെ ഉത്സവം സമാപിക്കും.