Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളില്‍ ഉത്സവത്തിനുള്ള കൊടിക്കൂറ സമര്‍പ്പണത്തിന് ഒരുക്കങ്ങളായി 
10/11/2023
വൈക്കം മഹാദേവ ക്ഷേത്രത്തിലെയും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെയും ഉത്സവങ്ങള്‍ക്കുള്ള കൊടിക്കൂറയുടെ നിര്‍മാണം.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനും സ്വര്‍ണ കൊടിമരത്തില്‍ കൊടിയേറ്റാനുള്ള കൊടിക്കൂറകളുടെ സമര്‍പ്പണം നവംബര്‍ 12ന് നടക്കും. ഉദയനാപുരം ക്ഷേത്രത്തില്‍ രാവിലെ ഒന്‍പതിനും വൈക്കം ക്ഷേത്രത്തില്‍ 10.30നുമാണ് കൊടിക്കൂറ സമര്‍പ്പിക്കുന്നത്. എക്‌സലന്‍ഡ് ഉടമ വൈക്കപ്രയാര്‍ ആലുങ്കല്‍ പ്രതാപചന്ദ്രന്‍ ആണ് ഇരുക്ഷേത്രങ്ങളിലും കൊടിക്കൂറ വഴിപാടായി നല്‍കുന്നത്. ഇരു ക്ഷേത്രങ്ങളിലെയും കിഴക്കേ ഗോപുരനടയില്‍ നിന്നും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ച്  ശേഷമാണ് ക്ഷേത്ര കൊടിമരച്ചുവട്ടില്‍ കൊടിക്കൂറ സമര്‍പ്പണം നടത്തുന്നത്.  ദേവസ്വം അധികാരികള്‍ കൊടിക്കൂറ ഏറ്റുവാങ്ങി അവകാശിയായ മൂസതിനെ ഏല്‍പിക്കും.
വൈക്കം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലും പ്രത്യേക വഴിപാടുകള്‍ നടത്തിയ ശേഷം ക്ഷേത്രത്തിനു സമീപം താമസിച്ച്  വൈക്കം ക്ഷേത്രത്തിലെ പ്രാതലും അത്താഴ ഭക്ഷണവും ശീലമാക്കി ഏകദേശം  20 ദിവസത്തെ വ്രതം നോക്കി ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് പാണംപറമ്പില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ കെ.ജി സാജന്‍ ആണ് ഇരുക്ഷേത്രങ്ങളിലെയും കൊടിക്കൂറ ഒരുക്കിയത്.
അഞ്ചര മീറ്റര്‍ നീളത്തില്‍ നവ ഗ്രഹ സങ്കല്‍പത്തില്‍ ഒന്‍പത് വര്‍ണങ്ങളിലായി നിര്‍മിക്കുന്ന കൊടിക്കൂറയിലെ ഏഴുനിറം മൂന്നു തവണ ആവര്‍ത്തിച്ച് ഇരുപത്തിയൊന്നു കോളമായാണ് കൊടിക്കൂറയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയില്‍ ഒരു വശത്ത് നന്ദികേശന്‍, തൃക്കണ്ണ്,  വലിയ കുമിള, നാലു കാളാഞ്ചി, ഓട്ടുമണി എന്നിവ തുന്നിചേര്‍ക്കും  മറുവശത്ത് നന്ദികേശനു പകരം മാന്‍ ആണന്ന പ്രത്യേകതയുണ്ട്. പെരുമ്പാവൂര്‍ സച്ചൂസ് ഗോളക വര്‍ക്‌സിലെ വി.ആര്‍ സാജുവാണ് കാളാഞ്ചി, ചന്ദ്രക്കല എന്നിവ പ്ലേറ്റ് ചെയ്തത്. വൈക്കം ക്ഷേത്രത്തിലെ അപേക്ഷിച്ച് ഒരു ഇഞ്ച് നീളം കുറവാണ് ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറയ്ക്ക്.  ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കുറയില്‍ വെള്ളി ചന്ദ്രക്കല, വെള്ളി കുമിള, തമിഴില്‍ ഓം എന്നക്ഷരം, മയില്‍ വാഹനം, കാളാഞ്ചി, ഓട്ടുമണി എന്നിവ ആലേഖനം ചെയ്യും. ശബരിമല ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളില്‍ കൊടിക്കൂറ നിര്‍മിച്ചിട്ടുള്ള സാജന്‍ 21-ാം തവണയാണ് വൈക്കത്തും ഉദയാനപുരത്തും കൊടിക്കൂറ ഉണ്ടാക്കുന്നത്.
വൈക്കം ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് 24ന് കൊടിയേറും. ഡിസംബര്‍ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറിന് ഉദയനാപുരം ക്ഷേത്രത്തില്‍ നടക്കുന്ന ആറാട്ട്  കൂടി പൂജയോടെ ഉത്സവം സമാപിക്കും. ഉദയനാപുരം ക്ഷേത്രത്തില്‍ നവംബര്‍ 19ന് കൊടിയേറി 27ന് തൃക്കാര്‍ത്തിക ആഘോഷിക്കും. 28ന് വൈക്കം ക്ഷേത്രത്തില്‍ നടക്കുന്ന ആറാട്ട് കൂടി പൂജയോടെ ഉത്സവം സമാപിക്കും.