Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകത്തിന്റെ പൊതുനീതി പലസ്തീനൊപ്പം: അഡ്വ. വി.എസ് സുനില്‍കുമാര്‍
05/11/2023
സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ലോകത്ത് എവിടെയുമുള്ള ഭീകരവാദ പ്രസ്ഥാനങ്ങളെ എതിര്‍ക്കുക എന്നതാണ് എക്കാലത്തും ഇന്ത്യാ മഹാരാജ്യം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള നിലപാട് എന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി.എസ് സുനില്‍കുമാര്‍. സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ഇന്ന് വെല്ലുവിളിക്കപ്പെടുകയാണ്. അമേരിക്കയുടെ താല്‍പര്യപ്രകാരം ഇസ്രയേലിന് അനുകൂലമായ നിലപാടാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സകല യുദ്ധ നീതികളെയും ഇല്ലായ്മ ചെയ്തു കൊണ്ടാണ് പലസ്തീനു മേല്‍ ഇസ്രയേല്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവര്‍ പോലും ആക്രമണങ്ങള്‍ക്കിരയാകുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ പൊലിയുന്ന കുരുന്ന് ജീവനുകള്‍ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകത്തിന്റെ പൊതുനീതി പാലസ്തീനൊപ്പമാണ്. പലസ്തീനിന് ഒപ്പം നില്‍ക്കുക എന്നാല്‍ മാനവരാശിയുടെ കൂടെ നില്‍ക്കുക എന്നാണ്. ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി സാധാരണ ജനങ്ങളെ കുരുതി കൊടുക്കരുത് എന്നതാണ് സിപിഐ നിലപാട്. ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെ സമാധാന പുനഃസ്ഥാപനത്തിന് മുന്‍കൈ എടുത്ത് യുദ്ധത്തിന് അറുതി വരുത്തണമെന്നും വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന സമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി. അംഗം ടി.എന്‍ രമേശന്‍, മണ്ഡലം അസി. സെക്രട്ടറി കെ.എസ് രത്‌നാകരന്‍, ആര്‍.ബിജു, എ.എം അനി, പി.ആര്‍ ശരത് കുമാര്‍, പി.കെ രാധാകൃഷ്ണന്‍, ജസീന ഷാജുദ്ദീന്‍, വിഷ്ണുപ്രിയ എന്നിവര്‍ പ്രസംഗിച്ചു.