Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവാതിര ശീലുകളില്‍ ചുവട് വെച്ചാടി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍
02/11/2023
കേരളപ്പിറവി ദിനത്തില്‍ വൈക്കം ആശ്രമം സ്‌കൂളില്‍ നടത്തിയ ആയിരം വിദ്യാര്‍ഥിനികള്‍ പങ്കെടുത്ത മെഗാ തിരുവാതിര.  

വൈക്കം: കേരളപ്പിറവി ദിനത്തില്‍ വൈക്കം സത്യഗ്രഹസമരത്തിന്റെ ചരിത്രം ഉറങ്ങുന്ന ആശ്രമം സ്‌കൂള്‍ അങ്കണത്തില്‍ ആയിരം വിദ്യാര്‍ഥിനികള്‍ തിരുവാതിരയുടെ ശീലുകള്‍ പാടി  ചുവടുവെച്ചാടി. സത്യഗ്രഹ ശതാബ്ദിയും മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ആശ്രമം സ്‌കൂളില്‍ കേരളപ്പിറവി ദിനത്തില്‍ തിരുവാതിര സംഘടിപ്പിച്ചത്. കുമാരനാശാന്റെ കരുണ, പൂക്കാലം എന്നീ കൃതികളെ അടിസ്ഥാനപ്പെടുത്തി തിരുവാതിരപ്പാട്ടായി ആവിഷ്‌കരിച്ചാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്. കേരളീയ വേഷധാരികളായി അണിഞ്ഞൊരുങ്ങി എത്തിയാണ് വിദ്യാര്‍ഥിനികള്‍ തിരുവാതിരയില്‍ ഭാവചലനങ്ങളോടെ ചുവടുവെച്ചത്.
അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ തിരുവാതിര കളി ഉദ്ഘാടനം ചെയ്തു. ആശ്രമം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി വിഭാഗം ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, സ്റ്റാഫ് സെക്രട്ടറി സീത എസ് ആനന്ദ്, പിടിഎ പ്രസിഡന്റ് പി.പി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
എസ്എന്‍ഡിപി യോഗം വൈക്കം യൂണിയനു കീഴിലുള്ള  വൈക്കം സത്യാഗ്രഹ ആശ്രമം സ്‌കൂള്‍ സത്യഗ്രഹകാലത്ത് സമരഭടന്മാരുടെ വിശ്രമ കേന്ദ്രമായിരുന്നു. സമരത്തിന്റെ ആവശ്യത്തിനായി ശ്രീനാരായണ ഗുരു വിലയ്ക്ക് വാങ്ങിയ സ്ഥലമാണിത്. ഗുരുവിന്റെ പേരിലാണ് ഇന്നും ഈ സ്ഥലത്തിന് കരമടയ്ക്കുന്നത്.